
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദത്തിന് ഡെൽറ്റ വേരിയന്റിന്റെ ഇരട്ടി ജനിതക മാറ്റം ഉണ്ടായിരിക്കുന്നതായി ബ്രിട്ടനിലെ ആരോഗ്യ അധികൃതർ കണ്ടെത്തി. ഈ വേരിയന്റിനെ പ്രതിരോധിക്കാൻ കൂടുതൽ വെല്ലുവിളി ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.
പുതുതായി കണ്ടെത്തിയിരിക്കുന്ന B.1.1.529 എന്ന പേരുള്ള വേരിയന്റിനെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്‌സിനുകൾ പൂർണ്ണമായി പ്രാപ്തമാകണമെന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഈ വേരിയന്റിൽ കാണുന്ന ഒരു സ്പൈക്ക് പ്രോട്ടീൻ ആദ്യ ഘട്ടങ്ങളിൽ കണ്ടെത്തിയ കൊറോണവൈറസിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് കാരണമായി പറയുന്നത്.
നേരത്തെയുള്ള രോഗബാധയോ, വാക്സിനേഷനോ മൂലം ഉണ്ടാകുന്ന രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ഈ വേരിയന്റിന് കഴിഞ്ഞേക്കും എന്നാണ് ആശങ്ക.
എന്നാൽ ലാബിലുള്ള കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ വാക്‌സിന്റെ ഫലപ്രാപ്തിയുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
പുതിയ വകഭേദത്തിന്റെ അപകട സാധ്യത വിലയിരുത്തി വരികയാണെന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ വ്യാഴാഴ്ച അറിയിച്ചു.
ഏതാനും ദിവസങ്ങളായി രോഗവ്യാപന നിരക്ക് ഉയർന്നിരിക്കുന്ന ദക്ഷിണാഫ്രിക്കയിൽ എത്ര ശതമാനം കേസുകളാണ് പുതിയ വേരിയന്റിനെ തുടർന്ന് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തിവരികയാണ്.
പുതിയ വേരിയന്റ് ബോട്സ്വാനയിലും ഹോംഗ് കോങ്ങിലും കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ അതിവേഗ വ്യാപന ശക്തിയുള്ള കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളില് നിന്നോ ഈ പ്രദേശങ്ങള്വഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരെ കർശനമായ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.