സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍; പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസം അവധി

തിരുവനന്തപുരം: ജോലി സംബന്ധമായ പ്രത്യേകതകളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങില്‍ ഇളവുകളും നിബന്ധനകളും ഏര്‍പ്പെടുത്തി.

ഓഫീസ് സമയത്തിന് പുറമേ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും പഞ്ചിങിനെ ഇനി ശമ്പളവുമായി ബന്ധിപ്പിക്കില്ല.

എന്നാല്‍ പഞ്ചിങ് തുടരണം. ഇവരുടെ പ്രവര്‍ത്തന സമയം ഓഫിസ് മേലധികാരികള്‍ രേഖപ്പെടുത്തി സ്പാര്‍ക്കില്‍ ചേര്‍ക്കും. പെട്ടെന്ന് ഷിഫ്റ്റ് ഡ്യൂട്ടിയിലേക്ക് മാറേണ്ടി വരുന്നവര്‍ അതു സംബന്ധിച്ച ഉത്തരവ് സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്ത് ഒഡി സമര്‍പ്പിക്കണം.

സര്‍ക്കാരിന് കീഴിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ ഉത്തരവ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പൂര്‍ണ സമയം പുറത്തു ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ പഞ്ച് ചെയ്യാന്‍ പാടില്ല. ഒരു മാസം 10 മണിക്കൂറോ അതിലേറെയോ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പകരം ഒരു ദിവസം അവധി അനുവദിക്കും. ദിവസം ഏഴ് മണിക്കൂറിലേറെ ജോലി ചെയ്യുന്നത് അധിക സമയമായി കണക്കാക്കും.

പലവട്ടം ശ്രമിച്ചിട്ടും വിരലടയാളം ആധാറില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവരെ പഞ്ചിങില്‍ നിന്ന് ഒഴിവാക്കി.

മറ്റ് ഓഫിസുകളിലെത്തി ജോലി ചെയ്യുന്നവരും ഡപ്യൂട്ടേഷന്‍ ജോലി ചെയ്യുന്നവരും ആ ഓഫിസുകളില്‍ പഞ്ചിങ് സംവിധാനമില്ലെങ്കില്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടാല്‍ മതി.

പഞ്ച് ചെയ്യാന്‍ മറന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണ മാത്രം ഹാജര്‍ രേഖപ്പെടുത്താം. സാങ്കേതിക തകരാര്‍, വൈദ്യുതി മുടങ്ങല്‍ തുടങ്ങിയവ കാരണം പഞ്ച് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹാജര്‍ ക്രമീകരിക്കാന്‍ ഡിഡിഒക്ക് അപേക്ഷ നല്‍കണം.

സ്പാര്‍ക് അക്കൗണ്ടിലെ ഗ്രേസ് സമയത്തെക്കാള്‍ അധികം സമയം വിനിയോഗിച്ച് ജോലിക്കെത്താതിരുന്നാല്‍ അത് അവധിയായി ക്രമീകരിച്ചാലും നഷ്ടമായ ഗ്രേസ് സമയം പുനസ്ഥാപിക്കാന്‍ കഴിയില്ല.

Exit mobile version