അഡ്മിറ്റാകും മുമ്പ് ആശുപത്രികളില്‍ ഇനി കോവിഡ് പരിശോധന വേണ്ട

കൊച്ചി: ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് പിന്‍വലിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ വാക്കാലുള്ള ഉത്തരവ്. വിവിധ അസുഖങ്ങളുമായി എത്തുന്നവരെയും കൂട്ടിരുപ്പുകാരെയും കോവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇനി മുതല്‍ പനി ലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും ലക്ഷണമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന കോവിഡ് പോസിറ്റീവായവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവായതിന്റെ പേരില്‍ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യരുത്. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ത്തന്നെ നടത്തണം.

ഒരു തീയേറ്റര്‍ മാത്രമുള്ള ആശുപത്രികളില്‍ പ്രസവ ശസ്ത്രക്രിയയ്ക്കെത്തുന്ന കോവിഡ് ബാധിച്ച ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് െറഫര്‍ ചെയ്യാം.

എന്നാല്‍ പ്രസവവേദനയുമായി എത്തുന്നവരെ ഒരുകാരണവശാലും മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കരുതെന്നും ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. പല ആശുപത്രികളും കോവിഡ് കാലത്ത് സ്രവ പരിശോധനയിലൂടെ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നു.

Exit mobile version