റെയില്‍വേ സ്റ്റേഷനില്‍ ഇനി ക്യൂ നില്‍ക്കേണ്ട: ക്യുആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് എടുക്കാൻ ഇനി ക്യൂ നില്‍ക്കേണ്ട. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സംവിധാനം റെയിൽവേ ആരംഭിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിലാണ് ക്യു.ആർ. കോഡ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവർത്തിക്കുക. സെപ്റ്റംബർ 25-ന് സംവിധാനം നിലവിൽ വന്നെങ്കിലും അത്രപരിചിതമല്ലാത്തതിനാൽ ആളുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.

ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ സ്കാൻ ചെയ്യുന്ന സ്റ്റേഷനിൽനിന്ന് യാത്ര തുടങ്ങുംവിധം ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിനായി സ്റ്റേഷനുകളിൽ കൗണ്ടറിന് പരിസരത്തും മറ്റുമായി ക്യു.ആർ. കോഡ് പതിച്ചിട്ടുണ്ട്.

ഗൂഗിൾ പേ, പേടി.എം. പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ടിക്കറ്റ് പരിശോധനാ ഘട്ടത്തിൽ ആപ്പ് തുറന്ന് ടിക്കറ്റിന്റെ പകർപ്പ് കാണിച്ചാൽ മതിയാകും.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്യു.ആര്‍ കോഡ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്.

പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് കുറയ്ക്കുന്നത് വഴി വരുമാനം കൂട്ടാമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

ജീവനക്കാരില്ലാത്തതുകൊണ്ട് മിക്ക സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്ത പശ്ചാതലത്തിൽ ക്യു.ആര്‍ കോഡ് സൗകര്യം യാത്രക്കാർക്കും ഏറെ പ്രയോജനം ചെയ്യും.

Exit mobile version