
ലണ്ടൻ: വാക്സീന്റെ പേരിലുള്ള ഇന്ത്യ- യുകെ നയതന്ത്രയുദ്ധത്തിന് താത്കാലിക ശമനം. ഓക്സ്ഫെഡ് വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഒഴിവാക്കി.
ഒക്ടോബര് 11ന് പുലർച്ചെ നാലു മുതൽ ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിലാകും.
കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്സീൻ എടുത്തവർക്ക് ഇന്ത്യയും പത്തു ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി പരിണമിച്ച ഈ പ്രശ്നത്തിന് ബ്രിട്ടന്റെ ഏറ്റവും പുതിയ തീരുമാനം പരിഹാരമുണ്ടാക്കും.
ബ്രിട്ടന്റെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ച പരിഷ്കരിച്ച ട്രാവൽ നിബന്ധനകളിലാണ് ഇന്ത്യ ഉൾപ്പടെ 47 രാജ്യങ്ങളെ വരുന്ന തിങ്കളാഴ്ച പുലർച്ചെ നാലു മുതൽ ക്വാറന്റീനിൽനിന്നും ഒഴിവാക്കിയത്.
ഇതനുസരിച്ച് കോവിഷീൽഡിന്റെ രണ്ടുഡോസ് വാക്സീനെടുത്ത് ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമേയില്ല.
രണ്ടാം ദിവസത്തെ ആർടിപിസിആർ ടെസ്റ്റ് ബുക്കുചെയ്യുകയും പാസഞ്ചർ ലൊക്കേറ്റർ ഫോമും മാത്രം ഇവർ പൂരിപ്പിച്ചു നൽകുകയും ചെയ്താൽ ഇവർക്ക് ബ്രിട്ടനിലേക്ക് യാത്രചെയ്യാം.
ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ. ചൈന, ഹോങ്കോങ്, സൗത്ത് ആഫ്രിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ക്വാറന്റീൻ പട്ടികയിൽ നിന്നും ഒഴിവായ പ്രധാന രാജ്യങ്ങൾ.
47 രാജ്യങ്ങളെ ക്വാറന്റീനിൽനിന്നും ഒഴിവാക്കിയതോടെ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത് ഏഴു രാജ്യങ്ങളായി ചുരുങ്ങി. കൊളംബിയ, ഡോമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, ഹെയ്തി, പനാമ, പെറു, വെനിസ്വേല, എന്നിവയാണ് ഇപ്പോഴും ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉള്ളത്.
കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകിയിരുന്നെങ്കിലും ഇതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകാൻ ബ്രിട്ടൻ തയാറായിരുന്നില്ല.
ഇതോടെ കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകാത്ത ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയെ ഇന്ത്യ നയതന്ത്ര വിഷയമാക്കി മാറ്റുകയായിരുന്നു.
പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമാനസ്വഭാമുള്ള നടപടി തിരിച്ചും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകിയ ഇന്ത്യ രണ്ടുദിവസത്തിനുള്ളിൽ ഇന്ത്യയിലേക്കു വരുന്ന ബ്രിട്ടീഷുകാർക്കും ക്വാറന്റീൻ പ്രഖ്യാപിച്ചു.
ഇന്ത്യ സമാനമായ രീതിയിൽ പ്രതികരിക്കുകയും രാജ്യാന്തര തലത്തിൽ ബ്രിട്ടന്റെ നടപടി വിമർശന വിധേയമാകുകയും ചെയ്തതോടെയാണ് ഒടുവിൽ ബ്രിട്ടൻ തീരുമാനം മാറ്റിയത്.