ബൈജൂസ് ആപ്പ് ഓഡിറ്റ് ഫയല്‍ ചെയ്യാത്തതിനെതിരേ നോട്ടീസ്

മുംബൈ: എഡ്ടെക് കമ്പനി ബൈജൂസിനോട് അക്കൗണ്ടുകളുടെ ഓഡിറ്റ് ഫയല്‍ ചെയ്യുന്നതു വൈകുന്നതിന്റെ കാരണം വിശദമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

2020-21 സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ബൈജൂസ് ഫയല്‍ ചെയ്യാന്‍ താമസിച്ചത്. 17 മാസത്തെ കാലതാമസത്തിന്റെ വിശദാംശം ചോദിച്ച് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കത്തയച്ചിരുന്നു.

പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാമെന്ന് ജൂലൈ നാലിനു കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ബൈജൂസ് ഏറ്റെടുത്ത കമ്പനികളുടെ അക്കൗണ്ട്‌സ് ഏകീകരിക്കുന്നതുകൊണ്ടാണ് ഫയലിംഗ് താമസിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ബൈജൂസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങി കോടികളുടെ ഫണ്ടിംഗ് ലഭിച്ച് വളര്‍ന്ന സ്ഥാപനമാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകന്‍.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി സമാന കമ്പനികളെ ബൈജൂസ് സ്വന്തമാക്കിയിരുന്നു. കോവിഡ് കാലത്ത് ഏറ്റവുമധികം വരുമാനം ഉണ്ടാക്കിയ കമ്പനികളിലൊന്നാണ് ഈ ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പ്.

കോവിഡ് മാറിയതോടെ കമ്പനിയുടെ വരുമാനം താഴേക്ക് പതിക്കാന്‍ തുടങ്ങി. പലരും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒഴിവാക്കി ഓഫ്‌ലൈന്‍ സെന്ററുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ കമ്പനിയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞു തുടങ്ങി.

അതിനിടെ ബൈജൂസിനെതിരേ ഉപയോക്താക്കള്‍ തന്നെ രംഗത്തു വന്നതും തിരിച്ചടിയായി. ലഭിക്കുന്ന വിവരം അനുസരിച്ച് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന്‍ സക്കന്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.

അമേരിക്കന്‍ കമ്പനികളായ ടിഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകള്‍ നിലവിലുണ്ട്.

റീഫണ്ടുകളും സേവനങ്ങള്‍ നല്‍കാത്തതും സംബന്ധിച്ച പരാതികളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികള്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ലഭിക്കുന്ന പരാതികളില്‍ 98 ശതമാനവും പരിഹരിക്കുന്നുണ്ടെന്നാണ് ബൈജൂസ് ആപ്പ് അവകാശപ്പെടുന്നത്.

Related Articles

Back to top button