മുംബൈ: റഷ്യ- യുക്രെയ്ൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ചൊവ്വാഴ്ച ബാരലിന് 99.38 ഡോളർ എന്ന കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ക്രൂഡ് വില ഉയരുന്നത് വിവിധ രാജ്യങ്ങളിൽ ഇന്ധന വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതിക്കാരാണ് റഷ്യ. പ്രകൃതി വാതകവും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ.
യുകെയ്നെതിരേ നിരന്തരം ഭീഷണി മുഴക്കുന്ന റഷ്യയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അമേരിക്കയും ബ്രിട്ടനും നിരവധി പാശ്ചാത്യ സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടായതു മാത്രമാണ് എണ്ണക്കമ്പനികളെ വില വര്‍ധനയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.
തെരഞ്ഞെടുപ്പു കഴിയുന്നതോടെ പ്രാദേശിക ഇന്ധനവില കുതിക്കുമെന്ന സൂചനകള്‍ എണ്ണക്കമ്പനികൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചത്. ഇതിനു ശേഷം മൗനത്തിലേക്കു നീങ്ങിയതാണ് എണ്ണക്കമ്പനികൾ.
തുടര്‍ച്ചയായി ഇന്ധനവില കുറഞ്ഞിട്ടും ഈ മൗനം തുടരാന്‍ കമ്പനികള്‍ക്കായി. കേന്ദ്ര സര്‍ക്കാരും ഇതിനു മൗനസമ്മതം നല്കി.