ഓണ വിപണിക്കായി 120 ഹെക്ടറില്‍ പച്ചക്കറി കൃഷി

ആലപ്പുഴ: ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങി ഓണാട്ടുകര. ഓണവിപണി ലക്ഷ്യമിട്ട് ഓണാട്ടുകരയില്‍ 120 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്.

ഓണാട്ടുകര എന്നറിയപ്പെടുന്ന ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ പാലമേല്‍, താമരക്കുളം, നൂറനാട്, ചുനക്കര, ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകളിലാണ് ഓണത്തിനായി പച്ചക്കറികള്‍ ഒരുങ്ങുന്നത്.

പാലമേല്‍ പഞ്ചായത്തില്‍ 75 ഹെക്ടറിലും താമരക്കുളത്ത് 20 ഹെക്ടറിലും നൂറനാട് 15 ഹെക്ടറിലും ഭരണിക്കാവ്, വള്ളികുന്നം, ചുനക്കര പഞ്ചായത്തുകളില്‍ അഞ്ച് ഹെക്ടറിലുമാണ് പച്ചക്കറി ഒരുങ്ങുന്നത്.

കായ, പടവലം, പാവയ്ക്ക, കോവക്ക, ചേന, കപ്പ എന്നിവയും വിവിധ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ഓണത്തിന് ന്യായ വിലയില്‍ പച്ചക്കറി എത്തിക്കാനായി ഒന്‍പത് ഓണചന്തകളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണാട്ടുകരയില്‍ ഒരുങ്ങുന്നത്.

ചുനക്കര, ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകളില്‍ രണ്ട് വീതവും പാലമേല്‍, താമരക്കുളം, നൂറനാട് പഞ്ചായത്തുകളില്‍ ഒന്ന് വീതവും ചന്തകള്‍ പ്രവര്‍ത്തിക്കും.

കര്‍ഷകരില്‍ നിന്നു വിപണി വിലയെക്കാള്‍ 10 ശതമാനം കൂടുതല്‍ നല്‍കിയാണ് പച്ചക്കറി സംഭരിക്കുക. വിപണി വിലയേക്കാള്‍ 30 ശതമാനം കുറവില്‍ പൊതുജനങ്ങള്‍ക്ക് ഓണചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങാം.

പ്രാദേശിക ഉപയോഗത്തിന് ആവശ്യമായതിലേറെ പച്ചക്കറികളാണ് പാലമേല്‍, നൂറനാട്, താമരക്കുളം പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത്.

ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ഓണത്തിനുള്ള പച്ചക്കറികള്‍ ഹോര്‍കോര്‍പ്പ് വഴി സംഭരിച്ച് നല്‍കും.

ഓണചന്തകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പച്ചക്കറി സംഭരണവും ആരംഭിക്കും.

പ്രാദേശിക ഉപയോഗം കഴിഞ്ഞുള്ള പച്ചക്കറി ജില്ലയിലെ മറ്റിടങ്ങളിലെ ഓണ വിപണിയിലേക്ക് എത്തിക്കുമെന്ന് ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രജനി പറഞ്ഞു. ഓഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.

Related Articles

Back to top button