ഓണക്കിറ്റ് വിതരണം 23 മുതല്‍: ആദ്യം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഏഴോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഓണത്തിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. ദിവസങ്ങള്‍ അനുസരിച്ചാണ് കിറ്റ് വിതരണം നടത്തുന്നത്.

ഓഗസ്റ്റ് 23, 24 മഞ്ഞ കാര്‍ഡുകാര്‍ക്കും 25,26,27 തിയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1,2,3 വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യും.

നിശ്ചിത ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കായി നാലാം തിയതി മുതല്‍ ഏഴാം തിയതി വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.

ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഉള്ളത്. ഭക്ഷ്യ കിറ്റിന്റെ പാക്കിങ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ ശബരി ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ തുടങ്ങി 14 ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചെലവ്.

കഴിഞ്ഞ വര്‍ഷം പപ്പടവും ശര്‍ക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തെന്ന് സ്‌പ്ലൈക്കോ പറയുന്നു.

90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്. പാക്കറ്റ് ഉല്‍പന്നങ്ങളാണ് എല്ലാം. സപ്ലൈകോ സ്റ്റോറുകളോട് ചേര്‍ന്ന് കൂടുതല്‍ സ്ഥലങ്ങള്‍ വാടകയ്ക്ക് എടുത്തും പാക്കിങ് തുടരുകയാണ്.

തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ റേഷന്‍ കടകളില്‍ ലഭ്യമായി തുടങ്ങും.

Related Articles

Back to top button