ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ

1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

2022 നവംബർ 20ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോൾ പരിശീലനം നൽകും.

ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നൽകുകയെന്ന് മന്ത്രി അറിയിച്ചു.

നവംബർ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂർ വീതമാണ് പരിശീലനം.

ഓരോ കേന്ദ്രത്തിലും 100 കുട്ടികൾ വീതം 1000 കേന്ദ്രങ്ങളിൽ നിന്നായി ഒരു ലക്ഷം കുട്ടികൾക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നൽകുന്നത്.

സംസ്ഥാനത്തെ 5 ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് ”ഗോൾ” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഖത്തറിൽ ലോക ഫുട്‌ബോൾ മാമാങ്കത്തിനു തുടക്കമാകുമ്പോൾ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളിൽ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോർ ചെയ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

നവംബർ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേർന്നാണ് ഗോളുകൾ അടിക്കുക.

20ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെ പൊതുജനങ്ങൾക്കും 21ന് രാവിലെ ഒൻപതു മുതൽ 12വരെ സ്‌കൂൾകുട്ടികൾക്കുമാണ് ഗോളടിക്കാൻ അവസരമൊരുക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്‌ബോളിൽ താൽപര്യമുള്ള കുട്ടികൾക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നൽകുക, മികവു പുലർത്തുന്നവർക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കായിക വികസന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിനും ഇതോടൊപ്പം പ്രചാരണം നൽകും.

പദ്ധതിയുടെ നിർവ്വഹണച്ചുമതല അതാത് സ്‌പോർട്‌സ് കൗൺസിൽ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും.

ജില്ലാതല ഏകോപനം ജില്ലാ സ്‌പോർട്‌സ് കൗൺസിലിനും, സംസ്ഥാന തല ഏകോപനം കായികയുവജനകാര്യ ഡയറക്ടറ്റേറ്റും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും നിർവഹിക്കും.

1000 സെന്ററുകൾക്കു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കായിക അക്കാദമികൾ, കായിക ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാമ്പയിനിൽ ഉൾപ്പെടുത്തും.

ഓരോ ജില്ലയിലും 72 ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്.

കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനാവശ്യമയായ ഫുട്‌ബോളുകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ മുഖേന വിതരണം ചെയ്യും.

ഓരോ കേന്ദ്രങ്ങളിലേക്കും വേണ്ട പരിശീലകരെ തദ്ദേശീയമായിത്തന്നെ കണ്ടെത്തും. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡർമാരായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകും.

Related Articles

Back to top button