പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം

കൊച്ചി: പിഴയില്ലാതെ പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2023 മാര്‍ച്ച് 31വരെയാണ് നീട്ടിയത്.

നാളേയ്ക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ 500 രൂപ മുതല്‍ ആയിരം രൂപ വരെ പിഴ ഈടാക്കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തമാക്കിയിരുന്നത്.

നാളെ മുതല്‍ ജൂണ്‍ 30നകം 500 രൂപ പിഴയോടെയും ജൂണ്‍ 30ന് ശേഷം ആയിരം രൂപ പിഴയോടെയും ബന്ധിപ്പിക്കാമെന്നായിരുന്നു സര്‍ക്കുലര്‍.

തീയതി ഒരു വര്‍ഷത്തേക്ക് നീട്ടിയതോടെ ഒട്ടേറെപ്പേര്‍ക്ക് പിഴകൂടാതെ പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ലിങ്ക് ആദായ നികുതി വകുപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ രണ്ട് നമ്പറുകളും ബന്ധിപ്പിക്കാത്തവർക്ക് വളരെ എളുപ്പത്തിൽ ഇത് ചെയ്യാനുള്ള സൗകര്യമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.

2017 കേന്ദ്ര ധനകാര്യ ചട്ടത്തിൽ വരുത്തിയ ഭേദഗതികളോടെ ആദായനികുതി അടയ്ക്കുന്നതിന് ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്.

2021 ജൂലൈ ഒന്ന് മുതൽ പാൻ കാർഡിന് അപേക്ഷ നൽകുന്നവർക്ക് ആധാർ കാർഡ് ഉണ്ടായിരിക്കണമെന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്.

Related Articles

Back to top button