മലപ്പുറം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രമാണെന്നും ‘ജനസേവന കേന്ദ്രങ്ങള്‍’ എന്ന പേര് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ പോയി പൊതുജനങ്ങള്‍ വഞ്ചിതാകരുതെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വ്യാജ ഓണ്‍ലൈന്‍ പേരില്‍ ചില സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ തുടരുകയാണ്.
വ്യക്തികളുടെ രേഖകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ മുഖേന ദുരുപയോഗം ചെയ്യാതിരിക്കാന്‍ പൊതുജനങ്ങള്‍ സര്‍ക്കാര്‍ സേവന കേന്ദ്രമായ അക്ഷയ കേന്ദ്രങ്ങളെ ഉപയോഗിക്കാവുന്നതാണ് .
അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര, അക്ഷയ് ഇ-നെറ്റ് ജനസേവന കേന്ദ്രം, സേവിക, ഈ മിത്രം, ജനസേവന കേന്ദ്രം എന്നിങ്ങനെ പല പേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഏകീകൃത കളര്‍കോഡായ നീല വെള്ള , അക്ഷയ ലോഗോ പതിച്ച നെയിം ബോര്‍ഡ് , അക്ഷയ സേവന നിരക്കുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങള്‍ അക്ഷയ ജില്ലാ ഓഫീസ്, ജില്ലാ ഭരണകൂടം, അക്ഷയ സംസ്ഥാന ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സംവിധാനങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നു.
പൊതുജങ്ങളുടെ രേഖകള്‍ സുരക്ഷിതവും, കാര്യക്ഷമവും ആയി സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ ആധികാരികമായും, സുതാര്യമായും വിശ്വസ്തതയോടെയും കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമായ ജനസേവന കേന്ദ്രങ്ങള്‍ ആണ് അക്ഷയ കേന്ദ്രങ്ങള്‍.
ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷ ഔദ്യോഗികകമായ ലോഗിന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമേ പൊതു ജനങ്ങള്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
വ്യക്തിഗത ലോഗിനുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ ജനസേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളോ പരാതികളോ അക്ഷയ ജില്ലാ ഓഫിസില്‍ അറിയിക്കാം. ഫോണ്‍ 0483 2739027.