
തിരുവനന്തപുരം: ഹോട്ടലുകള്‍ അടക്കം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആറ് ലക്ഷം സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് 40,000 ല്‍ താഴെ എണ്ണത്തിന് മാത്രം.
ആറ് ലക്ഷം സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മാത്രമാണുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് മൂലം പരിശേധനകള്‍ എങ്ങുമെത്തുന്നില്ല.
അതെ സമയം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കിയുള്ള ഹൈജീന്‍ ആപ്പ് ഉടനെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി.ആര്‍ വിനോദ് പറഞ്ഞു.
പരിശോധനകള്‍ നടക്കാത്തതല്ല ഭക്ഷ്യ വിഷബാധകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
ശുചിത്വം, സൗകര്യങ്ങള്‍, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്.
ആപ്പ് വഴി ഹോട്ടലുകളുടെ ഇത്തരം റേറ്റിങ് നോക്കി പൊതുജനത്തിന് കയറാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജന്‍സികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നല്‍കുക.
മുഴുവന്‍ ഹോട്ടലുകളെയും ഇതിന് കീഴില്‍ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ മോശം ഭക്ഷണം വിതരണം ചെയ്യുന്ന അവസ്ഥ മാറുമെന്നാണ് പ്രതീക്ഷ.
പരിശോധനകള്‍ക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച പെണ്‍കുട്ടി മരിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നും അന്ന് തീരുമാനിച്ചിരുന്നു.
ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായില്ല.