ഇന്ന് ഓശാന ഞായര്‍; വിശുദ്ധ വാരത്തിന് തുടക്കം

കൊച്ചി: ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.

തുടര്‍ന്നു വരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ അടുത്ത ഞായറാഴ്ച ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കും.

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്റെ പുത്രന് ഓശാന’ എന്ന് ജയ് വിളിച്ചു കൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ കടന്നു വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവപുത്രന്റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത് പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്. ഇതിന്റെ ഓര്‍മയാണ് ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായറായി ആചരിക്കുന്നത്.

വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷം ഓശാന ഞായര്‍ അടക്കമുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ചെറിയ രീതിയിലാണ് ആചരിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ഈ വര്‍ഷം ദേവാലയങ്ങള്‍ വിശ്വാസികളെക്കൊണ്ട് നിറയും.

Related Articles

Back to top button