20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് പാനും ആധാറും നിര്‍ബന്ധമാക്കി

മുംബൈ: ഒരു സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയോ അതിലധികമോ ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.

ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമായിരിക്കും.

കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാന്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. മെയ് 26ന് ഉത്തരവ് പ്രാബല്യത്തില്‍ വരും.

ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലെ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുന്നതോടെ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൈവരുമെന്നാണ് പ്രതീക്ഷ.

മാത്രമല്ല സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ നീക്കം നിരീക്ഷിക്കുകയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്.

സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും കുറച്ചു കൊണ്ടുവരാനും നടപടി വഴിതെളിക്കും.

നിലവില്‍ ദിവസം 50,000 രൂപയോ അതിലധികമോ തുകയുടെ ഇടപാടിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും വാര്‍ഷിക പരിധി നിശ്ചയിച്ചിരുന്നില്ല.

Related Articles

Back to top button