കാന്‍സറും വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു

ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു.

ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി.

അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു.

മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.

തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി, പി.ഇ.ടി, എം.ആര്‍.ഐ. സ്‌കാന്‍ തുടങ്ങിയ പരിശോധനകളില്‍ ട്യൂമര്‍ അപ്രത്യക്ഷമായതായാണു കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.

മനുഷ്യശരീരത്തില്‍ ആന്റിബോഡിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിര്‍മ്മിത തന്മാത്രകള്‍ അടങ്ങിയതാണ് ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന്.

ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഭാവിയില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നാണ് അനുമാനം. 2021 ഓഗസ്റ്റിലാണു ഗ്ലാസ്‌കോസ്മിത്ത്ക്ലൈന്‍ തയാറാക്കിയ മരുന്നിനു യു.എസ്. ഡ്രഗ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ.) പരീക്ഷണാനുമതി നല്‍കിയത്.

Related Articles

Back to top button