കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു

തിരുവനന്തപുരം: തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു.

നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. 104 മീറ്റർ നീളമുള്ള നടപ്പാലം തിരുവനന്തപുരം കോർപ്പറേഷനും ആക്‌സോ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് യാഥാർത്ഥ്യമാക്കിയത്.

മുതിർന്ന പൗരൻമാർക്കായി രണ്ട് ലിഫ്റ്റുകളുള്ള നടപ്പാതയിൽ നാല് പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേകോട്ടയുടെ രാജകീയ പ്രൗഢിക്ക് യോജിക്കും വിധമുള്ള ശൈലിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ആകാശപാതക്കുള്ളിൽ ജില്ലക്കാരായ പ്രഗദ്ഭരുടെ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 36 സുരക്ഷാ ക്യാമറകൾക്ക് പുറമെ പോലിസ് എയിഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന കാൽനട മേൽപ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

പൊതുജന സൗകര്യം മുൻനിർത്തി നിർമ്മിച്ച നടപ്പാത ഒരുപാട് വർഷങ്ങൾ പ്രയോജനപ്പെടട്ടെ എന്ന് പൃഥ്വിരാജ് ആശംസിച്ചു.

കിഴക്കേകോട്ട നടപ്പാതയുടെ മാതൃകയിൽ തമ്പാനൂരിൽ റെയിൽവെ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും ബന്ധിപ്പിച്ച് മേൽപ്പാത നിർമിക്കാൻ തീരുമാനിച്ചതായി ചടങ്ങിൽ സംസാരിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ, എ.എ റഹീം എം.പി, വി.കെ പ്രശാന്ത് എം.എൽ.എ, ഡപ്യൂട്ടി മേയർ പി.കെ രാജു എന്നിവർ സംസാരിച്ചു.

Exit mobile version