
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേക്കുമെന്ന് സൂചന.
പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57ലേക്ക് ഉയര്‍ത്താനാണ് ആലോചന. അടുത്ത ബജറ്റില്‍ അത് 58 ആക്കാനും ആലോചനയുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫും അംഗീകാരം നല്‍കിയാല്‍ മാര്‍ച്ച് 11ലെ ബജറ്റിലെ ഏറ്റവും വലിയ നയപരമായ പ്രഖ്യാപനമായി ഇത് മാറും.
11-ാം ശമ്പള കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തുന്നതിലൂടെ വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഇനത്തില്‍ 4000 കോടി രൂപ ഈ വര്‍ഷം സര്‍ക്കാരിനു ലാഭിക്കാനാകും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ആണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഈ ശുപാര്‍ശ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മാറ്റി വെയ്ക്കുകയായിരുന്നു.
2022ല്‍ 20,719 പേരും 2023ല്‍ 21,083 പേരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ഈ രണ്ടു വര്‍ഷങ്ങളില്‍ വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വേണ്ടത് 9,600 കോടി രൂപയോളമാണ്.
2022ല്‍ മാത്രം വേണ്ടത് ഏകദേശം 4000 കോടി രൂപയും. ഇപ്പോള്‍ 57ഉം അടുത്ത ബജറ്റില്‍ 58 ആക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ലാഭിക്കുന്നത് 9600 കോടി രൂപയാണ്.
2013 ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസാണ് പെന്‍ഷന്‍ പ്രായം.
1.60 ലക്ഷം പേരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളത്. 9600 കോടി രൂപയുടെ ബാധ്യത രണ്ടു വര്‍ഷത്തേക്ക് നീട്ടാനാകുമെങ്കിലും ഇതിലൂടെ ഉയര്‍ന്നു വരുന്ന യുവജന രോഷം സര്‍ക്കാരിനു തലവേദനയാകും.
ഇതു തണുപ്പിക്കാന്‍ പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായ പരിധി രണ്ടു വര്‍ഷം കൂടി വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.