സീതത്തോട്: കെഎസ്ആർടിസി ബസിൽ ‘ഗവി’ കാണാൻ എത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. മിക്ക ദിവസവും കെഎസ്ആർടിസി ബസിലെ ഇരിപ്പിടത്തെക്കാൾ അധികമാണ് യാത്രക്കാരുടെ എണ്ണം.
പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ പത്തനംതിട്ട, കുമളി ഡിപ്പോകളിൽ നിന്ന് ഓരോ ബസാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 12.30ന് കുമളിയിൽ എത്തും.1.25ന് മടങ്ങി 7 മണിയോടെ പത്തനംതിട്ടയിൽ എത്തും.
കുമളി ഡിപ്പോയിലെ ബസ് പുലർച്ചെ 5.30ന് ആരംഭിച്ച് 11.30ന് പത്തനംതിട്ടയിൽ എത്തും. 12.30ന് മടങ്ങി വൈകിട്ട് 6 ന് കുമളിയിൽ എത്തും. ഇതിൽ 4 മണിക്കൂറും വനത്തിലൂടെയാണ് യാത്ര. ബസിൽ സീറ്റ് ബുക്കിങ് ഇല്ല.
റാന്നി ഫോറസ്റ്റ് ഡിവിഷൻ ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശനം. വേലുത്തോട്, മൂഴിയാർ, ചോരകക്കി, മൂഴിയാർ 40 ഏക്കർ, പെൻസ്റ്റോക്ക് ക്രോസിങ്, കക്കി, ആനത്തോട്, പമ്പ, ഗവി, വള്ളക്കടവ് വഴിയാണ് കുമളിയിൽ എത്തുന്നത്.
ഗവി കഴിഞ്ഞാൽ പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളുടെ കീഴിലുള്ള വനമേഖലയിലൂടെ വളളക്കടവിൽ എത്തും.
കാട്ടിലൂടെയുള്ള യാത്രയിൽ ഒട്ടേറെ വ്യൂ പോയിന്റുകൾ ഉണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ, സിംഹവാലൻ കുരങ്ങ്, കരിമന്തി തുടങ്ങിയ മൃഗങ്ങളെ പതിവായി കാണാം.
ഭാഗ്യം ഉണ്ടെങ്കിൽ കടുവയെയും പുലിയെയും. മൂഴിയാർ, കക്കി, ആനത്തോട് അണക്കെട്ടുകൾക്കു മുകളിലൂടെയാണ് ബസ് പോകുന്നത്. പമ്പ അണക്കെട്ടും അടുത്ത് കാണാം.
ബൈബിളിൽ പറയുന്ന നോഹയുടെ പെട്ടകം നിർമിക്കാൻ ഉപയോഗിച്ച ഗോഫർ(നിറംപല്ലി) വൃക്ഷവും കെഎഫ്ഡിസിയുടെ (കേരള വനം വികസന കോർപ്പറേഷൻ) പൂന്തോട്ടവും ബോട്ടിങ് നടത്തുന്ന തടാകവും ഈ റൂട്ടിലാണ്.കാഴ്ചകൾ കാണാൻ ബസ് നിർത്തി നൽകാറുണ്ട്.
വഴിയിൽ ബസ് കേടായാൽ പകരം സംവിധാനത്തിനു മണിക്കൂറുകൾ കാത്തിരിക്കണം.
മൊബൈൽ ഫോണിനു റേഞ്ച് മിക്കയിടത്തും ഇല്ല. ഈ റൂട്ടിൽ സ്വകാര്യ വാഹനത്തിൽ പോകണമെങ്കിൽ വനം വകുപ്പിന്റെ www.gavikakkionline.com സൈറ്റിൽ ബുക്ക് ചെയ്യണം. ദിവസം 30 വാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം.
ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്നാണ് പാസ് ലഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റേഷൻ നമ്പർ:
04682222366.