പെട്രോള്‍ വില 15 രൂപ വരെ കൂടിയേക്കും

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്കുശേഷം ഇന്ധന വിലവര്‍ധനവ് അടുത്തയാഴ്ച്ച ഉണ്ടാകും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മൂലം മൂന്നുമാസമായി എണ്ണവില കൂട്ടിയിരുന്നില്ല.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ ഉയരുകയും ചെയ്തു. അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴിനോ പിറ്റേന്നോ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികള്‍. ഇപ്പോഴത്തെ നില വച്ച് ലിറ്ററിന് ഒന്‍പതു രൂപ കുറവിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ 15 രൂപ വരെ പെട്രോളിന് കൂടിയേക്കുമെന്നാണ് സൂചന.

യൂറോപ്യന്‍ രാജ്യങ്ങളിലെ എണ്ണ ആവശ്യകതയുടെ 40 ശതമാനവും നിറവേറ്റുന്നത് റഷ്യയാണ്. യുദ്ധപശ്ചാത്തലത്തില്‍ വിവിധരാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കിയിട്ടുണ്ട്. ഇറക്കുമതിക്ക് പുതിയ ഉറവിടം കണ്ടെത്താനായില്ലെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ എണ്ണക്ഷാമവും വിലയറ്റവും ഉണ്ടാകാന്‍ ഇടയാക്കും. ഇന്ത്യയുള്‍പ്പെടെ വര്‍ധിച്ച ഇന്ധന നികുതി ചുമത്തുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കനത്തഭാരമായിരിക്കും അതുണ്ടാക്കുക.

ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 115 ഡോളറിനു മുകളിലാണ് ഇന്നത്തെ വില. 2014നു ശേഷം ആദ്യമായാണ് ക്രൂഡ് വില ഈ നിലയില്‍ എത്തുന്നത്. വില പുനര്‍ നിര്‍ണയം മരവിപ്പിച്ചതിലൂടെ പൊതു മേഖലാ എണ്ണ കമ്പനികള്‍ക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 5.70 രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. രണ്ടര രൂപ ലാഭം കൂടി കണക്കിലാക്കിയാല്‍ വിടവ് എട്ടു രൂപയില്‍ കൂടുതലാവും. പുനര്‍ നിര്‍ണയം തുടങ്ങിയാല്‍ ഒറ്റയടിക്കോ ഇടവിട്ടോ ഒന്‍പതു രൂപയുടെ വര്‍ധന പെട്രോളിനും ഡീസലിനും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ നല്കുന്ന വിവരമനുസരിച്ച് മാര്‍ച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ബാരലിന് 102 യുഎസ് ഡോളറിന് മുകളിലാണ് വില. പെട്രോള്‍, ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ച കഴിഞ്ഞ നവംബറില്‍ ക്രൂഡ്ഓയില്‍ ശരാശരി 81.5 യുഎസ് ഡോളറായിരുന്നു. ഇടയ്ക്ക് ക്രൂഡോയില്‍ വില 94 ഡോളറെത്തിയിരുന്നെങ്കിലും ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പ് മൂലം എണ്ണവിലകൂട്ടാന്‍ കഴിഞ്ഞില്ല. ഇതിലൂടെയുണ്ടായ നഷ്ടം പരിഹരിക്കാന്‍ വിലകൂട്ടുന്നതല്ലാതെ മറ്റുമാര്‍ഗങ്ങള്‍ എണ്ണക്കമ്പനികള്‍ക്ക് മുമ്പിലില്ല.

Related Articles

Back to top button