ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വകഭേദം നേരിടാൻ മുൻകരുതൽ ശക്തിപ്പെടുത്തണമെന്നും ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം. വാക്സിന്റെ രണ്ടാം ഡോസ് വിതരണം കൂട്ടണം. സമയബന്ധിതമായി വാക്സിനേഷൻ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയ തീരുമാനം പുനപരിശോധിക്കേണ്ടിയിരിക്കുന്നു. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 (ഒമിക്രോണ്‍) വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്.
യഥാർഥ കൊറോണ വൈറസിൽനിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്കു വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോങ്കോംഗിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കുറിച്ചു കേന്ദ്രത്തിൽനിന്നു ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും സാമമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.