പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന രണ്ടാം ഘട്ടം ഇന്ന് മുതല്‍; ആർക്കൊക്കെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല്‍ പദ്ധതി (പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന)യുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

എന്താണ് ഉജ്ജ്വല്‍ യോജന?

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകം വാതക കണക്ഷന്‍ നല്‍കുക ലക്ഷ്യമിട്ടാണ് പ്രധാന്‍ മന്ത്രി ഉജ്ജ്വ യോജന (പി.എം.യു.വൈ) പദ്ധതി തുടങ്ങിയത്. 2016ലായിരുന്നു പദ്ധതിയുടെ തുടക്കം. 2018ല്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍. തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം എട്ട് കോടിയായി ഉയര്‍ന്നു

എന്താണ് ഉജ്ജ്വല 2.0

ഉജ്ജ്വലയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ഒരു കോടി സൗജന്യ പാചകവാതക കണക്ഷനുകളാണ് നല്‍കുക. സിലിണ്ടറിന്റെ ആദ്യ റീ ഫില്ലിംങ് സൗജന്യമായി ചെയ്യാം. അടുപ്പും സൗജന്യമായി ലഭിക്കും.

പദ്ധതിയുടെ ഗുണങ്ങള്‍

ആദ്യഘട്ടത്തില്‍ കണക്ഷനെടുക്കാന്‍ സര്‍ക്കാര്‍ 1600 രൂപ സാമ്പത്തിക സഹായം ഡെപ്പോസിറ്റ് മണിയായി നല്‍കിയിരുന്നു. പദ്ധതി പ്രകാരം കണക്ഷനെടുക്കുന്നവര്‍ക്ക് ഗ്യാസ് അടുപ്പ് വാങ്ങാനും സിലിണ്ടറിനും പലിശ രഹിത വായ്പയും നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഈ രീതി മാറും. സൗജന്യ പാചകവാതക കണക്ഷനൊപ്പം ഒരു തവണ പാചകവാതകം സൗജന്യമായി നിറച്ച് നല്‍കും. സൗജന്യ അടുപ്പും നല്‍കും

എങ്ങനെ അപേക്ഷിക്കാം

വളരെ ചെറിയ നടപടിക്രമങ്ങള്‍ മാത്രമാണ് പദ്ധതിക്ക് അപേക്ഷിക്കാനായി വേണ്ടത്. സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നും താമസം മാറി വന്നവര്‍ക്കും കുടിയേറ്റ തൊഴിലാളികൾക്കും പദ്ധതിക്ക് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല. വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

  • അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
  • പതിനെട്ട് വയസ്സ്പൂര്‍ത്തിയാകണം
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരിക്കണം
  • അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാവരുത്.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ നല്‍കാം. pmujjwalayojana.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. അല്ലെങ്കില്‍ തൊട്ടടുത്തുള്ള എല്‍.പി.ജി വിതരണ ഏജന്‍സിയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം.

Related Articles

Back to top button