വാലന്റൈന്‍സ് ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ നല്‍കുന്ന പത്ത് നിര്‍ദ്ദേശങ്ങള്‍

വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതര്‍ക്കും വിവാഹത്തിനായി ഒരുങ്ങുന്നവര്‍ക്കും പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

കുടുംബ ജീവിതം ഒരു ദൈവവിളിയാണ്. സ്‌നേഹത്തില്‍ പടുത്തുയര്‍ത്തപ്പെടേണ്ട ഒന്നാണ് കുടുംബമെന്നും പാപ്പ വ്യക്തമാക്കുന്നു.

  • വിവാഹനിശ്ചയം മുതല്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുക

ജീവിത യാത്ര പടിപടിയായി പരുവപ്പെടുന്ന ഒന്നാണെന്നാണ് വിവാഹനിശ്ചയം കഴിഞ്ഞവരോട് മാര്‍പാപ്പാ പറയുന്നത്. ആ യാത്ര പക്വതയുടെ ഒരു യാത്രയാണ്. ഇടയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാലും ആ യാത്ര നിര്‍ത്താന്‍ പാടില്ല.

കാരണം ആ സമയം യഥാര്‍ത്ഥത്തില്‍ ആത്മീയ സമ്മാനങ്ങളുടെ ഒരു തുടക്കമാണ്. അതുവഴി കര്‍ത്താവ് സഭയിലൂടെ തന്റെ അനുഗ്രഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കുടുംബത്തിന്റെ ചക്രവാളത്തെ സമ്പന്നമാക്കുകയാണ്.

  • നിലനില്‍ക്കില്ല എന്നു തോന്നലുണ്ടെങ്കില്‍ വിവാഹം എന്ന കൂദാശ സ്വീകരിക്കരുത്

പങ്കാളിയെ ജീവനു തുല്യം സ്‌നേഹിക്കാന്‍ കഴിയില്ല എന്നു തോന്നലുണ്ടെങ്കില്‍ കൂദാശ സ്വീകരണത്തിലേക്ക് പ്രവേശിക്കരുത്. യഥാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ‘എന്നേക്കും’ എന്ന് പറയാനുള്ള ധൈര്യമുണ്ട്.

കാരണം സ്‌നേഹിച്ചാല്‍ ആ ബന്ധം നിലനില്‍ക്കും. ദാമ്പത്യ ജീവിതം എന്നേക്കും ജീവിക്കാന്‍ ഒരു വ്യക്തിക്ക് ക്രിസ്തുവിന്റെ കൃപയും വിശുദ്ധരുടെ സഹായവും ആവശ്യമാണ്.

  • ദമ്പതികള്‍ മാതൃകയാകേണ്ടവരാണ്

ക്രൈസ്തവ ദമ്പതികള്‍ നല്ല മാനസികവും വൈകാരികവുമായ സംയോജനം നേടിക്കൊണ്ടു മാത്രം വിവാഹത്തിന് തയ്യാറെടുത്താല്‍ പോരാ.

മറിച്ച് ക്രൈസ്തവ ഇണകളായി തങ്ങളെത്തന്നെ മാതൃകയാക്കാനുള്ള പ്രത്യേക ആഹ്വാനത്തെ അവര്‍ ക്രമേണ പോഷിപ്പിക്കുകയും വര്‍ധിപ്പിക്കുകയും വേണം.

  • കുടുംബ ജീവിതം ഒരു ദൈവ വിളിയാണ്

വിവാഹം ഒന്നിന്റെയും അവസാനമല്ല. വിവാഹം എല്ലാ പരീക്ഷണങ്ങളിലൂടെയും പ്രയാസകരമായ സമയങ്ങളിലൂടെയും ദമ്പതികള്‍ ഒരുമിച്ച് കടന്നു പോകാനുള്ള ഉറച്ചതും യാഥാര്‍ത്ഥ്യ ബോധമുള്ളതുമായ തീരുമാനത്തോടെ നമ്മെ മുന്നോട്ട് നയിക്കുന്ന ഒരു വിളിയാണ്.

  • കുടുംബം സ്‌നേഹത്തിന്റെ പര്യായമാണ്

സ്‌നേഹം വളരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കുടുംബം സ്‌നേഹത്തിന്റെ പര്യായമാണ്.

കാരണം അത് നിര്‍മ്മിച്ചിരിക്കുന്നത് വന്നു പോകുന്ന വികാരങ്ങളുടെ മണലിലല്ല; പിന്നെയോ ദൈവത്തില്‍ നിന്നുള്ള സ്‌നേഹത്തിന്റെ പാറയിലാണ്. അതുകൊണ്ടു തന്നെ അത് എന്നേക്കും നിലനില്‍ക്കുന്ന, നിലനില്‍ക്കേണ്ട ഒന്നാണ്.

  • സ്‌നേഹം ഒരു അത്ഭുതമാണ്

സ്‌നേഹം എല്ലായ്‌പ്പോഴും ഒരു അത്ഭുതമാണ്. കാരണം അത് സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനും തമ്മിലുള്ള ബന്ധത്തെ പരിപോഷിപ്പിക്കുന്നു.

നമ്മുടെ ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്. കാരണം അവന്‍ എപ്പോഴും നമ്മെ സ്‌നേഹിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

  • യഥാര്‍ത്ഥ സ്‌നേഹം ഒരു ജ്വലനമാണ്

യഥാര്‍ത്ഥ സ്‌നേഹം ഒരു ജ്വലനമാണ്. അത് നമ്മുടെ ഇഷ്ടങ്ങളെയും സ്വാര്‍ത്ഥതയെയും ഇല്ലാതാക്കുന്നു.

നമ്മെ തന്നെ ശൂന്യമാക്കുന്നതിലേക്ക് യഥാര്‍ത്ഥ സ്‌നേഹം നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നു.

  • പങ്കാളിയുടെ ഗുണങ്ങളിലേക്ക് നോക്കാന്‍ പഠിക്കണം

ദാമ്പത്യ ജീവിതത്തില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അവ പരിഹരിക്കാന്‍ കഴിയാത്തതല്ല.

ദമ്പതികള്‍ പങ്കാളിയുടെ കുറവുകളിലേക്ക് മാത്രം നോക്കുന്നതിനു പകരം അവനിലുള്ള/ അവളിലുള്ള ഗുണങ്ങളിലേക്കും ഇടയ്ക്ക് കണ്ണു തുറക്കണം. അങ്ങനെ ചെയ്യുക വഴി പങ്കാളിയെ കൂടുതല്‍ മനസിലാക്കാനും സ്‌നേഹിക്കാനും അംഗീകരിക്കാനും സാധിക്കും.

  • പരസ്പരമുള്ള വാശിയോടെ ഒരു ദിവസം അവസാനിപ്പിക്കരുത്

നിങ്ങള്‍ വഴക്കിടുന്ന നിമിഷത്തേക്കാള്‍ സ്‌നേഹം എത്രയോ ശക്തമാണ്. അതുകൊണ്ട് ഒരു ദിവസം പോലും കലഹത്തില്‍ അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്‌നേഹത്തിലല്ലാതെ ഒരു ദിവസവും അവസാനിക്കരുതെന്ന ബോധ്യം ദമ്പതികള്‍ക്ക് ഉണ്ടാകണം.

  • അനുമതി, നന്ദി, ക്ഷമ

ഒരു കുടുംബത്തെ നയിക്കാന്‍ ഈ മൂന്ന് വാക്കുകള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണ് അനുമതി, നന്ദി, ക്ഷമ. ദമ്പതികള്‍ പരസ്പരം അനുവാദം വാങ്ങുന്നത് ഒരിക്കലും അവരുടെ അന്തസിനെ മുറിപ്പെടുത്തുന്ന ഒന്നല്ല.

പരസ്പരമുള്ള അവരുടെ സഹകരണത്തിന്റെ മുന്നോടിയാണ് അനുമതി തേടുന്നത് എന്ന് അവര്‍ തിരിച്ചറിയണം.

അവര്‍ പരസ്പരവും ദൈവത്തോടും നന്ദിയുള്ളവരായിരിക്കണം. പക്വതയാര്‍ന്ന ഒരു കുടുംബജീവിതത്തിന് ഇത് ആവശ്യമാണ്.

കുറവുകളില്ലാത്ത മനുഷ്യരോ, പ്രശ്‌നങ്ങളില്ലാത്ത ജീവിതങ്ങളോ ഇല്ല. അതുകൊണ്ടു തന്നെ ക്ഷമിക്കാന്‍ തയ്യാറുള്ള ഒരു മനസ് സന്തോഷകരമായ ജീവിതത്തിന് സഹായകമാണ്.

Related Articles

Back to top button