വത്തിക്കാൻ സിറ്റി: ഡിസംബർ മാസത്തിൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ.
ഭിന്നശേഷിക്കാർ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കണമെന്നും അവരുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്ന പദ്ധതികൾ ഉണ്ടാകണമെന്നും പാപ്പ പറഞ്ഞു.
പ്രാർത്ഥന നിയോഗം പങ്കുവെച്ചുകൊണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ ആഗോള സഭയോട് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്.
ഭിന്നശേഷിക്കാരായ ആളുകൾ നമ്മുടെ ഇടയിലെ ഏറ്റവും ദുർബലരായ ആളുകളാണ് എന്ന് മാർപ്പാപ്പ വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴിൽ, സർഗ്ഗാത്മകത തുടങ്ങിയ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൂടി പ്രവേശനം നൽകുന്ന പദ്ധതികൾ ആരംഭിക്കാൻ ഫ്രാൻസിസ് മാർപാപ്പ സിവിൽ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.
ഭിന്നശേഷിക്കാരെ സമൂഹത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം അവരെ വലിയ ഹൃദയത്തോടെ അനുഗമിക്കണമെന്നും മാർപാപ്പ പറഞ്ഞു.
നമ്മുടെ മാനസികാവസ്ഥ അൽപ്പം മാറ്റം വരുത്തണമെന്നും സമൂഹത്തിലും സഭയുടെ ജീവിതത്തിലും ഭിന്നശേഷിയുള്ളവർക്ക് അവസരം നൽകണമെന്നും പാപ്പ ആവശ്യപ്പെട്ടു.
ഡിസംബർ മൂന്ന് അന്തർദേശീയ വൈകല്യമുള്ളവരുടെ ദിനമായി ആചരിക്കുന്നതായി ഒരു പത്രക്കുറിപ്പും പരിശുദ്ധ പിതാവിന്റെ പ്രതിമാസ പ്രാർത്ഥന നിയോഗം തയ്യാറാക്കുന്ന വേൾഡ് വൈഡ് പ്രാർത്ഥനാ ശൃംഖല പുറത്തിറക്കി.