കൊച്ചി: ലഹരി മാഫിയ കേരളത്തില്‍ വില്‍പന നടത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാര്‍ത്ഥങ്ങളെന്ന് റിപ്പോര്‍ട്ട്. പിടികൂടിയ രാസലഹരി പദാര്‍ഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ), നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവര്‍ കേരളം അടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പിടികൂടിയ ലഹരി മരുന്നുകളുടെ രാസപരിശോധന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്.
കേരളത്തില്‍ നിന്നും പിടികൂടിയ കഞ്ചാവില്‍ പോലും വ്യാജന്മാരുണ്ടെന്നാണ് പരിശോധനാ ഫലം. ലഹരി മരുന്ന് ഉപയോഗിക്കുന്ന തുടക്കക്കാരെയാണ് മാഫിയ കൂടുതലായി വഞ്ചിക്കുന്നത്. ഗ്രാമിനു പത്ത് രൂപ പോലും വില വരാത്ത രാസപദാര്‍ത്ഥങ്ങളാണു ഗുളിക രൂപത്തിലും പൊടിയായും 4000 രൂപയ്ക്കു വരെ വില്‍പന നടത്തുന്നത്.
ഈ രാസപദാര്‍ത്ഥങ്ങള്‍ ലഹരി നല്‍കുന്നതിനാല്‍ തന്നെ ഉപയോഗിക്കുന്നവര്‍ തട്ടിപ്പ് തിരിച്ചറിയാറുമില്ല. ബെംഗളൂരു, പഞ്ചാബ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വ്യാജ രാസലഹരി പദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്നാണു വിവരം.
അതേസമയം സോഡാക്കാരം ഗുളിക രൂപത്തിലാക്കി ഇതിലേക്കു രാസവസ്തുക്കള്‍ കത്തിച്ച് അതിന്റെ പുക കടത്തിവിട്ടു ലഹരി ഗുളികകള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന രീതി കേരളത്തിലും വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുണ്ട്.
കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ പല പേരുകളിലായി കൂടിയ വിലയ്ക്കു വില്‍ക്കുന്ന പല രാസപദാര്‍ഥങ്ങളും യഥാര്‍ഥ ലഹരി മരുന്നുകളല്ല എന്നത് കേസുകളുടെ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മഹസറില്‍ രേഖപ്പെടുത്തുന്ന രാസപദാര്‍ത്ഥമാവില്ല വിചാരണ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ടിലുള്ളത് എന്ന അവസ്ഥ പ്രതിഭാഗത്തിന് അനുകൂലമാകുകയും ചെയ്യും.