കൊച്ചി: ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികൾക്കിടയിൽ കാര്യമായ രീതിയിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല.
എന്നാൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൺ വാഴയിലകളാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഒരു സ്വകാര്യ ഏജൻസി ദുബൈയിലേക്ക് കയറ്റി അയച്ചത്.
അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്സ് എന്ന സ്ഥാപനം 14 ടൺ വാഴയിലയാണ് ദുബൈയിലേക്ക് കയറ്റി അയച്ചത്.
കേരളത്തിൽനിന്നും പ്രധാനമായും ദുബൈയിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റിയയക്കുന്നത്. അവിടെനിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്.
വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. ഇത് കൂടാതെ വെണ്ടക്ക, വഴുതനങ്ങ, മുരിങ്ങക്കായ്, പാവയ്ക്ക, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ഏത്തക്കായ, പൂവൻ തുടങ്ങിയ പഴ വർഗങ്ങളും ഇത്തവണ ഓണാഘോഷങ്ങൾക്കായി കൂടുതലായി കയറ്റി അയയ്ക്കുന്നുണ്ട്.
പച്ചക്കറികളും പഴ വർഗങ്ങളും വിമാന മാർഗം കയറ്റിയയക്കുമ്പോൾ കപ്പൽ മാർഗം അയക്കുന്നതിനെ അപേക്ഷിച്ച് വൻ ചിലവാണ് ഉണ്ടാകുന്നത്.
ഒരു കിലോഗ്രാം ഏത്തപ്പഴം കപ്പൽ മാർഗം അയയ്ക്കാൻ 15 രൂപ ചിലവ് വരുമ്പോൾ വിമാന മാർഗം ഇത് 50 മുതൽ 80 രൂപ വരെയാണ് ഈടാക്കുന്നത്.
മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഇതെന്നാണ് കയറ്റുമതി രംഗത്തുള്ളവർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ഗൾഫ് മലയാളികളുടെ ഓണാഘോഷവും ചിലവേറിയതായിരിക്കും.