കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങളില്‍ ബാക്ടീരിയ സാന്നിധ്യം

സിഡ്‌നി: ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട മിഠായിയായ കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങളില്‍ മലിനീകരണ സാധ്യതയെന്നു റിപ്പോര്‍ട്ട്.

ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്നു തിരിച്ചുവിളിച്ചു.

മുട്ടയുടെ ആകൃതിയിലുള്ള ഈ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ നീക്കം ചെയ്തു.

ഓസ്‌ട്രേലിയയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടേതാണു തീരുമാനം. കോള്‍സ്, വൂള്‍വര്‍ത്ത്സ്, ടാര്‍ഗെറ്റ്, കെമാര്‍ട്ട്, ബിഗ് ഡബ്ല്യു, സ്വതന്ത്ര റീട്ടെയിലര്‍മാര്‍, ഓണ്‍ലൈന്‍ എന്നിവയുള്‍പ്പെടെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും സ്റ്റോറുകളില്‍നിന്നും ഉല്‍പ്പന്നങ്ങളും പിന്‍വലിക്കും.

കിന്‍ഡര്‍ ഈസ്റ്റര്‍ ബാസ്‌കറ്റ് (120 ഗ്രാം), കിന്‍ഡര്‍ മിനി എഗ് ഹാസല്‍നട്ട് (100 ഗ്രാം), കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി (100 ഗ്രാം), കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി നാറ്റൂണ്‍സ് (100 ഗ്രാം) എന്നീ നാല് വിഭാഗത്തിലുള്ള മിഠായികളാണു പിന്‍വലിക്കുന്നത്.

അതേസമയം വെള്ള, നീല, പിങ്ക് ഇനങ്ങളിലുള്ള കിന്‍ഡര്‍ സര്‍പ്രൈസ് 20 ഗ്രാം സിംഗിള്‍, ത്രീ-പാക്ക് മിഠായി തീരുമാനം ബാധിക്കില്ല.

ഫെറേറോ ഓസ്ട്രേലിയയാണ് രാജ്യത്തെ മിഠായിയുടെ ഉല്‍പാദകര്‍. മറ്റ് ഉല്‍പ്പന്നങ്ങളെ മലിനീകരണം ബാധിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു.

മേല്‍പറഞ്ഞ കാലയളവിലെ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ കഴിക്കരുതെന്നും വാങ്ങിയവര്‍ തുക തിരികെ ലഭിക്കുന്നതിനായി വാങ്ങിയ സ്ഥലത്ത് കൊണ്ടുവരണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഉല്‍പന്നങ്ങള്‍ കഴിച്ചവര്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ വൈദ്യസഹായം തേടണെമന്നും നിര്‍ദ്ദേശമുണ്ട്.

ഈസ്റ്ററോടനുബന്ധിച്ച് ഈ ഉല്‍പന്നങ്ങളുടെ വ്യാപാരം ഇരട്ടിയാകാറുണ്ട്. ഈസ്റ്റര്‍ മുട്ടകള്‍ എന്ന നിലയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

യൂറോപ്പിലുടനീളം കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റ് കഴിച്ച 125 പേര്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

യുകെയില്‍ മാത്രം 63 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അതില്‍ കൂടുതലും ചെറിയ കുട്ടികളാണ്.

ഈ കേസുകളും ബെല്‍ജിയത്തിലെ ഫെറേറോ ഫാക്ടറിയില്‍ നിര്‍മിച്ച ചോക്ലേറ്റ് ഉല്‍പ്പന്നവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി നിര്‍മാതാക്കളായ ബെല്‍ജിയം കമ്പനി അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയെ ഈ തീരുമാനം ബാധിക്കില്ലെന്ന് ഫെറേറോ ഇന്ത്യ അറിയിച്ചു.

നിരോധിത ബാച്ചില്‍പെട്ട ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ കടകളിലും കമ്പോളങ്ങളിലും ലഭ്യമല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ വിവിധ രാജ്യങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബ്രിട്ടനില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിരോധിത ബാച്ച് ഉള്‍പ്പെടെയുള്ള മുഴുവന്‍ കിന്‍ഡര്‍ സര്‍പ്രൈസ് ഉല്‍പ്പന്നങ്ങളും ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനും അറിയിച്ചു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഫെറേറോ എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്ന ചോക്ലേറ്റാണ് കിന്റര്‍ സര്‍പ്രൈസ്. കമ്പനിക്ക് നിരവധി രാജ്യങ്ങളില്‍ ഫാക്ടറികളുണ്ട്. ഒരു മുട്ടയുടെ രൂപത്തില്‍ പൊതിയുന്ന ഇതില്‍ ഒരു ചെറിയ കളിപ്പാട്ടവും ഉണ്ടായിരിക്കും. ഇന്ത്യയില്‍ കിന്‍ഡര്‍ ജോയ് എന്നാണ് ഇതിന്റെ പേര്.

സാല്‍മൊണല്ല അണുബാധയുള്ളവരില്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക.

Related Articles

Back to top button