നടക്കാനും ഇനി വലിയ വില കൊടുക്കേണ്ടിവരും; പാദരക്ഷകൾക്ക് 20 ശതമാനത്തിലേറേ വിലകൂടി

മലപ്പുറം: പെട്രോൾവില കത്തിക്കയറുന്നതിനാൽ ഇനി കുറച്ചു നടക്കാമെന്നു കരുതിയാലോ..? ഒരു ഫലവുമില്ല, ചെരിപ്പുകൾക്കും ഷൂസുകൾക്കുമെല്ലാം വില കുത്തനെ കൂടിക്കഴിഞ്ഞു.

തുടർച്ചയായി മൂന്നുവർഷം സീസണുകൾ നഷ്ടപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിനു പ്രധാന കാരണം.

ഒരുവർഷത്തിനിടെ 20 ശതമാനത്തോളം വില പല ഉത്പന്നങ്ങൾക്കും കൂടിയിട്ടുണ്ട്.

പാദരക്ഷകളുടെ സോൾ നിർമാണത്തിനാണ് ചെലവു കൂടുതൽ. ഇതിനുപയോഗിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളായ പോളി യൂറിത്തിൻ, പോളി ഈഥർ തുടങ്ങിയ രാസവസ്തുക്കളാണ്.

ഇവയ്ക്ക് കഴിഞ്ഞ ജനുവരി മുതൽ വീണ്ടും വിലകൂട്ടി. പലതും ആവശ്യത്തിനു കിട്ടാനുമില്ല.

പോളീ ഈഥറിന്റെ ഒരു ടിന്നിന് രണ്ടുവർഷംമുൻപ്‌ 155 രൂപയുണ്ടായിരുന്നത് ഇപ്പോൾ 260 രൂപയായി. ട്രാൻസ്‌പോർട്ട് മേഖലയിലും അഞ്ചുമുതൽ 15 ശതമാനം വരെ ചെലവ് കൂടി.

അതുകൊണ്ടുതന്നെ 269 രൂപയുണ്ടായിരുന്ന ഒരു ചെരിപ്പിന് ഒന്നരവർഷത്തിനുള്ളിൽ കമ്പനികൾ വില 329 രൂപയാക്കി ഉയർത്തിയതായി കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ പറയുന്നു. ഇനിയും വിലക്കയറ്റമുണ്ടാകുമെന്നു സൂചനയുമുണ്ട്.

സംസ്ഥാനത്ത് മുപ്പതിനായിരത്തോളം റീട്ടെയിൽ വ്യാപാരികളുണ്ട്. രണ്ടുഘട്ടം ലോക്‌ഡൗൺ കഴിഞ്ഞതോടെ രണ്ടായിരത്തോളം പേർ പൂർണമായും രംഗം വിട്ടു. ബാക്കിയുള്ളവർ വലിയ പ്രതിസന്ധിയിലുമാണ്.

കേരളത്തിലെ പാദരക്ഷ നിർമാണമേഖലയുടെ ആസ്ഥാനം കോഴിക്കോടാണ്. പ്രത്യേകിച്ചും ചെറുവണ്ണൂർ, ഫറോക്ക്‌, നല്ലളം പ്രദേശങ്ങൾ. സംസ്ഥാനത്ത് നൂറ്റിത്തൊണ്ണൂറോളം യൂണിറ്റുകളുണ്ടായിരുന്നത് ഇപ്പോൾ തൊണ്ണൂറിൽ താഴെയായി.

ബാക്കിയുള്ളവർ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലുമാണ്. നിർമാണ യൂണിറ്റുകളെയും വ്യാപാരകേന്ദ്രങ്ങളെയും ആശ്രയിച്ചു പതിനായിരങ്ങളാണ് ജോലിചെയ്തിരുന്നത്. അവരെല്ലാം ഇപ്പോൾ തൊഴിൽരഹിതരായിക്കഴിഞ്ഞു.

Related Articles

Back to top button