ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക വര്‍ഷങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവെച്ചത്.
1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3. പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രതിജ്ഞകളായി അദ്ദേഹം വെച്ചത്.
വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് തെളിയിച്ചുവെന്നും മോഡി പറഞ്ഞു.
രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്നേഹിക്കുന്നവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോഡി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തില്‍ മോഡി പരാമര്‍ശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനം; നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിന് ജീവന്‍ നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.