ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെന്ന പ്രചാരണം വ്യാജം

മൂന്നാർ: ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതായി ഒരു വ്യാജ വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു.

ഇടുക്കി ഡിറ്റിപിസിയുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോം സ്റ്റേ, സര്‍വ്വീസ് വില്ലകളിലും താമസിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ഡിറ്റിപിസി സെക്രട്ടറി ഗിരീഷ് പി.എസ്. അറിയിച്ചു.

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദങ്ങളായ മൂന്നാര്‍, രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, ഇടുക്കി ഡാം, അഞ്ചുരുളി, തൂവല്‍ വെള്ളചാട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി വീണ്ടും സഞ്ചാരികള്‍ എത്തി തുടങ്ങി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും വീണ്ടും തുറന്നിരിക്കുന്നത്.

രാമക്കല്‍മേട്ടില്‍ നിരവധി ആളുകളാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

രാമക്കല്ലിന്റെ കാഴ്ചയും കുറവന്‍ കുറത്തി ശില്പവും മലമുഴക്കി വേഴാമ്പല്‍ ശില്പവും കാറ്റാടി പാടങ്ങളും തമിഴ്‌നാടന്‍ കൃഷിയിടങ്ങളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്.

Back to top button