സോറിയാസിസ് രോഗം കൂടുതലായി കാണുന്നത് മാനസിക സമ്മർദ്ദം ഏറെയുള്ളവരിൽ

പ്രായഭേദമോ സ്ത്രീപുരുഷ വ്യത്യാസമോ കൃത്യമായ കാരണമെന്തെന്നു പറയുവാനോ സാധിക്കാത്ത രീതിയിൽ കാണുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. സോറിയാസിസിനെ ഒരു ജനിതക രോഗം എന്ന നിലയിലാണ് പരിഗണിക്കുന്നത്.

പ്രമേഹം, കരൾ രോഗങ്ങൾ, അലർജി എന്നിവയുണ്ടോ എന്നു കൂടി പരിശോധിച്ച് ചികിത്സ നിർണ്ണയിച്ചാൽ വേഗം സുഖപ്പെടുത്തുവാനും സാധിക്കും.

അച്ഛനമ്മമാരിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ 15 ശതമാനം വരെ കുട്ടികൾക്ക് രോഗം കാണപ്പെടാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും രോഗമുള്ളവരുടെ കുട്ടികളിൽ ഇത് 40 ശതമാനമായി മാറുന്നു.

എന്നാൽ രോഗമുള്ളവരുടെ മക്കൾക്കെല്ലാം സോറിയാസിസ് വരണമെന്നുമില്ല. രോഗം വരാതിരിക്കാനുള്ള സാധ്യതയും ബാക്കി 60% ഉണ്ടല്ലോ? മാനസിക സമ്മർദ്ദം ഏറെയുള്ളവരിലാണ് സോറിയാസിസ് കൂടുതലായി കാണുന്നത്.

സാധാരണ കാണുന്ന ത്വക് രോഗമായോ തലയിലുണ്ടാകുന്ന താരൻ (ഡാൻഡ്രഫ്) ആയിട്ടോ നഖത്തിന് ഉണ്ടാകുന്ന അസുഖമായോ നിസ്സാരവൽക്കരിച്ച് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്. തുടർചികിത്സയ്ക്ക് താൽപര്യമില്ലാത്തവരുമുണ്ട്.

ത്വക്കിലെ ഏറ്റവും പുറമേയുള്ള കോശങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പൊടിയായോ ശൽക്കങ്ങളായോ കൊഴിഞ്ഞു പോകുന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷണം.

എന്നാൽ രോഗത്തിൻ്റെ ആരംഭത്തിലും കുട്ടികളിലും അങ്ങനെ സംഭവിക്കണമെന്നില്ല. ചൊറിച്ചിലോ വേദനയോ കാണാറില്ല.

മുതിർന്നവരിൽ ഇതിനെ തുടർന്ന് ചിലർക്കെങ്കിലും ആർത്രൈറ്റിസ് ഉണ്ടാകുന്നതായും കാണുന്നു. സോറിയാറ്റിക് ആർത്രൈറ്റിസ് എന്നാണിതിനു പേര്.

സോറിയാസിസ് ഉള്ളവർ നോൺവെജ് ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ രോഗ ശമനം ഉറപ്പാക്കാനാകും. ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയ രോഗം വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാൽ ചികിത്സ കൊണ്ട് താൽക്കാലികമായി പൂർണ്ണ ശമനം കിട്ടുകയും ചെയ്യും. ദീർഘനാൾ രോഗ ശമനം കിട്ടുന്നതിന് ആയുർവേദ ചികിത്സകൾ വളരെ ഫലപ്രദമാണ്.

നിലവിലുള്ള ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും വീണ്ടും വരാനുള്ള സാധ്യത പരമാവധി ദീർഘിപ്പിക്കുന്നതിനും സെക്കന്ററി കോംപ്ലിക്കേഷനുകൾ കുറയ്ക്കുന്നതിനും ചികിത്സ അനിവാര്യമാണ്.

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല സോറിയാസിസ്. ഒരുമിച്ചിരുന്ന് പഠിക്കുന്നതു കൊണ്ടോ ഒരേ ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ടോ പങ്കാളികൾക്കോ രോഗം പകരില്ല.

എന്നാൽ പൊഴിഞ്ഞു വീഴുന്ന ശൽക്കങ്ങൾ അലർജിയുള്ളവർ ശ്വസിച്ചാൽ അലർജി വർദ്ധിക്കുന്നതായി കാണാറുണ്ട്. അത് രോഗിക്കും അടുത്തിടപഴകുന്നവർക്കും ഒരു പോലെ ബുദ്ധിമുട്ടായേക്കാം.

മാനസിക സമ്മർദ്ദം കുറയ്ക്കുക, നെല്ലിക്ക, പപ്പായ, ഓറഞ്ച്, കാരറ്റ്, തക്കാളി എന്നിവ വളരെ കൂടുതലായി കഴിക്കുക, നാരുകൾ ധാരാളമടങ്ങിയവ ഭക്ഷണമായി ഉൾപ്പെടുത്തുക തുടങ്ങിയവ രോഗ ശമനത്തിന് കൂടുതൽ ഗുണം ചെയ്യും.

സോറിയാസിസ് ഭേദമായി കഴിഞ്ഞാൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള അയല, കോര, മത്തി എന്നീ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. പോഷണം നൽകുന്ന ആഹാര രീതിയും വേണ്ടി വന്നേയ്ക്കാം.

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നതു പോലെ കരളിന്റെ കണ്ണാടിയാണ് ത്വക്ക്. അതിനാൽ ത്വക്കിലുണ്ടാകുന്ന ഏതു തരം രോഗമായാലും കരളിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതു നല്ലതാണ്.

പ്രത്യേകിച്ചും സോറിയാസിസ് രോഗികളിൽ. വിരുദ്ധാഹാരങ്ങളായ പാലും പഴവും, തൈരും മൽസ്യമാംസാദികളും, അമിതമായി ഉപ്പും പുളിയും അച്ചാറും കഴിക്കുന്നവരും രാത്രി തൈര് കഴിക്കുന്നവരും, ഭക്ഷണത്തിൽ യാതൊരു വിധ നിയന്ത്രണവുമില്ലാതെ എന്തും കഴിക്കുന്നവരുമാണ് സോറിയാസിസ് ബാധിക്കുന്നതായി കൂടുതലും കാണുന്നത്.

ടെൻഷൻ കാരണം സോറിയാസിസ് ബാധിക്കുന്നവരിൽ അസുഖത്തിന്റെ ബുദ്ധിമുട്ട് കാരണവും മറ്റുള്ളവരിൽ നിന്നും രോഗം മറച്ച് വെയ്ക്കുവാൻ സാധിക്കാത്തതിന്റെ അപകർഷത കാരണവും രോഗം വീണ്ടും വർദ്ധിക്കാവുന്നതാണ്.

സ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് താൽക്കാലികമായ ശമനം ലഭിക്കുമെങ്കിലും മരുന്ന് ഒഴിവാക്കുമ്പോൾ വീണ്ടും രോഗം വർദ്ധിക്കാം.

സ്റ്റീറോയിഡ് മരുന്നുകൾ കഴിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പാർശ്വഫലങ്ങളും ത്വക്കിലുണ്ടാകുന്ന കുഴപ്പങ്ങളും കാരണം മരുന്ന് തുടരുന്നതിന് മടിക്കുന്നവരുമുണ്ട്.

മരുന്നിന്റെ ഉപയോഗം കൊണ്ട് സമാധാനമുണ്ടായതു കാരണം എല്ലാ മരുന്നുകളും ഒഴിവാക്കുന്നവരും അതോടൊപ്പം പഥ്യങ്ങളെല്ലാം ഒഴിവാക്കി രോഗകാരണങ്ങളായ ആഹാര വിഹാരങ്ങളെ പഴയതു പോലെ ഉപയോഗിക്കുന്നവരുമുണ്ട്. അത് രോഗത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.

എല്ലാ സന്ധികളേയും ബാധിക്കുന്ന ആർത്രൈറ്റിസ് രോഗവും സോറിയാസിസ് ഉള്ളവരിൽ കാണാമെന്നുള്ളതു കൊണ്ട് വാതരോഗ സംബന്ധമായ പരിശോധന നടത്തിയും രോഗം ഏതെന്ന് തീരുമാനിക്കേണ്ടതാണ്.

മറ്റ് രോഗങ്ങൾ ഉണ്ടെങ്കിൽ അവയുടെകൂടി ചികിത്സ ഉൾപ്പെടുത്തേണ്ടതുമാണ്.

ഡോ. ഷർമദ് ഖാൻ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ.ആയുർവ്വേദ ഡിസ്പെൻസറി, നേമം, ഫോൺ: 9447963481)

Related Articles

Back to top button