ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മുതല്‍ ക്വാര്‍ട്ടര്‍ പോരാട്ടം; മെസിയും നെയ്മറും കളത്തിലിറങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മുതല്‍ ക്വാര്‍ട്ടര്‍ പോരാട്ടം. സെമി ഫൈനലില്‍ ബ്രസീല്‍- അര്‍ജന്റീന മത്സരം നടക്കുമോയെന്ന് ഇന്നറിയാം. ഇന്ത്യന്‍ സമയം വൈകിട്ട് 8.30ന് ബ്രസീല്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ രാത്രി 12.30ന് നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെ നേരിടും.

നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ ക്രോയേഷ്യയെയാണ് ബ്രസീല്‍ നേരിടുന്നത്. അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍ എത്തുന്നത് കരുത്തരായ നെതര്‍ലന്‍ഡ്‌സും. ഖത്തറില്‍ അവശേഷിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധികളാണ് ഇരുവരും.

ഇതില്‍ ഒരു ടീമിനു മാത്രമേ ഫൈനലിലേക്ക് എത്താന്‍ കഴിയൂ. 2002ന് ശേഷം ഓരു ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന് ലോകകപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പഴയ പ്രതാപം വീണ്ടെടുക്കാന്‍ വെമ്പുന്നുണ്ട് ബ്രസീലും, അര്‍ജന്റീനയും.

സെമി ഫൈനലില്‍ ബ്രസീല്‍- അര്‍ജന്റീന പോരാട്ടം സ്വപ്‌നം കാണുന്നവരാണ് ആരാധകരില്‍ ഏറെയും. ലോകകപ്പില്‍ ഇതുവരെ നാല് തവണയാണ് ബ്രസീലും-അജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

രണ്ട് തവണ ബ്രസീല്‍ ജയിച്ചു. ഒരു ജയം അര്‍ജന്റീന നേടിയപ്പോള്‍ ഒരു മത്സരം സമനിലയായി.

32 വര്‍ഷം മുന്‍പ് ഇറ്റലിയില്‍ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അജന്റീന ജയിച്ചു.

Related Articles

Back to top button