
കൊച്ചി: പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന. 2,490 രൂപയാണ് യുഎഇയിലേക്കടക്കം മടങ്ങുന്ന പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്.
പുറത്ത് സ്വകാര്യ ലബുകളിലടക്കം 500 രൂപക്ക് ആര്‍ടിപിസി ആര് പരിശോധനകള്‍ നടക്കുമ്പോഴാണ് പ്രവാസികളെ പിഴിയുന്ന നടപടിയുമായി കരാര്‍ നേടിയ സ്ഥാപനം മുന്നോട്ട് പോകുന്നത്. പരിശോധനയ്ക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് കാരണം.
വിദേശത്തേക്ക് മടങ്ങേണ്ടത് അത്യാവശ്യമായതിനാല്‍ അവസാന നിമിഷം തര്‍ക്കിക്കാന്‍ ആരും നില്‍ക്കാറില്ല. ഇത് മുതലാക്കിയാണ് തോന്നിയപടി നിരക്ക് ഈടാക്കുന്നത്. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
ഓഗസ്റ്റ് ആറിനാണ് യുഎഇയിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയാണ് ആദ്യ നിബന്ധന.
അതിന്റെ നെഗീറ്റിവ് സര്‍ട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തില്‍ എത്തണം. വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂര്‍ മുന്‍പ് അവിടെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊച്ചിക്ക് പുറമേ തിരുവന ന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും ഇതേ പരാതി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ രണ്ട് കരാര്‍ കമ്പനികളുടെ നേതൃത്വത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
നാല് മണിക്കൂറില്‍ ഫലം കിട്ടുന്ന റാപിഡ് പരിശോധന ആയാലും 2490 രൂപ എന്ന നിരക്ക് എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.