തിരുവനന്തപുരം: സംസ്ഥാനത്തു വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് കിട്ടാൻ ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ ആവശ്യമില്ല.
വാടക വീടുകളുടെ കെട്ടിട നമ്പറിൽ നേരെത്തെ റേഷൻ കാർഡ് ഉള്ളതിന്റെ പേരിൽ നിലവിലെ താമസക്കാർക്കു കാർഡ് നിഷേധിച്ചിരുന്നു.
വാടകക്കാരുടെ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും കാർഡിൽ ഉൾപ്പെടേണ്ടവരുടെ ആധാർ കാർഡിലെ വിവരങ്ങളും മാനദണ്ഡമാക്കി ഇനി കാർഡ് അനുവദിക്കും.
അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള പേരുകൾ മറ്റു റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തും.
ഇക്കാര്യത്തിൽ പൊതുവിതരണ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്.
അതേസമയം വാടകക്കാർക്ക് അനുവദിക്കുന്ന റേഷൻ കാർഡ്, റേഷൻ ആനുകൂല്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാനാവുക.
തിരിച്ചറിയൽ രേഖയായോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾക്കുള്ള അവകാശമായോ ഈ റേഷൻ കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാടക വീടുകളുടെ കെട്ടിട നമ്പറിൽ നേരെത്തെ റേഷൻ കാർഡ് ഉള്ളതിന്റെ പേരിൽ കെട്ടിട ഉടമകൾ വാടകക്കാർക്ക് സമ്മതപത്രം നൽകാൻ വിസമ്മതിച്ചിരുന്നു.
ഇതേ തുടർന്ന് നിരവധി റേഷൻ കാർഡ് അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.