മുംബൈ: ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ആര്‍ബിഐ.
ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റയുടെ സ്വകാര്യത മുതല്‍ വായ്പ എടുത്തവര്‍ക്ക് അതില്‍ നിന്നും പിന്മാറാനുള്ള ‘കൂളിംഗ് ഓഫ് ടൈം’ വരെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ടായിരുന്നു.
വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിച്ചും ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.
ശുപാര്‍ശകള്‍ നിയമമായി മാറുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ വായ്പാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ വലിയൊരളവില്‍ കുറയുകയും ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് മേല്‍ ആര്‍ബിഐയ്ക്കുള്ള നിയന്ത്രണം ശക്തമാകുകയും ചെയ്യും.
ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കോ, മറ്റേതെങ്കിലും നിയമപ്രകാരം വായ്പകള്‍ നല്‍കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കോ, മാത്രമേ വായ്പാ ബിസിനസ് നടത്താന്‍ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡങ്ങളെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താവിന്റെ അനുവാദമില്ലാതെ കടമെടുപ്പ് വരിധി വര്‍ധിപ്പിക്കുവാന്‍ വായ്പാ വിതരണ പ്ലാറ്റ്ഫോമുകള്‍ക്ക് സാധിക്കില്ല. ലോണ്‍ കരാര്‍ ഉറപ്പാക്കുന്നതിന് മുമ്പ് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് (കെഎഫ്എസ്) കടം എടുക്കുന്നയാള്‍ക്ക് നല്‍കണം.
ഡിജിറ്റല്‍ ലോണുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വരുന്ന എല്ലാ ചെലവുകളുടെയും വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) കെഎഫ്എസില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
വായ്പ സംബന്ധിച്ച ചെലവുകള്‍ (സര്‍വീസ് ചാര്‍ജ് പോലുള്ളവ) ഉപഭോക്താവിനെ ആദ്യം തന്നെ വിശദമായി അറിയിച്ചിരിക്കണം.