മുംബൈ: ലോകം വലിയ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ നല്‍കി സാമ്പത്തിക വിദഗ്ധര്‍. വിലക്കയറ്റത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ പലിശ വര്‍ധിപ്പിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നും ബ്ലൂംബര്‍ഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
12 മാസത്തിനുള്ളില്‍ യുഎസില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 38 ശതമാനമാണെന്നാണ് ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍. ഏതാനും മാസം മുമ്പ് ഇത് പൂജ്യം ശതമാനമായിരുന്നു. യുഎസില്‍ മാന്ദ്യത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ സുസ്ഥിരത നേടിയിട്ടുണ്ടെന്നും അതുകൊണ്ട് മാന്ദ്യത്തിനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിവിധ സാമ്പത്തിക ഏജന്‍സികളുടെ പഠനം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ഉണര്‍വേകാനുളള പദ്ധതികള്‍ നേരത്തെ തയാറാക്കാന്‍ സാധിച്ചത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ അത്ര സുഗമമാകില്ല. പ്രത്യേകിച്ച് ശ്രീലങ്കയില്‍. അടുത്ത വര്‍ഷത്തോടെ ശ്രലങ്കയില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 85 ശതമാനമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോഴുള്ള പ്രതിസന്ധിയേക്കാള്‍ വലിയ തകര്‍ച്ചയിലേക്കാകും ദ്വീപ് രാഷ്ട്രം പോകുക. പാക്കിസ്ഥാനും നേപ്പാളും സമാന അവസ്ഥയിലേക്ക് പോകും. എന്നാല്‍ ബംഗ്ലാദേശ് ഇന്ത്യയെ പോലെ തന്നെ മാന്ദ്യത്തെ അതിജീവിക്കും.
ന്യൂസിലാന്‍ഡില്‍ 33 ശതമാനവും ദക്ഷിണ കൊറിയയില്‍ 25 ശതമാനവും ജപ്പാനില്‍ 25 ശതമാനവും ചൈന, ഹോങ്കോങ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ 20 ശതമാനം വീതവും മാന്ദ്യസാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഇന്ധന വിലയിലെ വര്‍ധന ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്. ഈ രാജ്യങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളെയും ഇത് ബാധിക്കുമെന്ന് മൂഡീസ് ചീഫ് ഏഷ്യ പെസഫിക് ഇക്കണോമിസ്റ്റ് സ്റ്റീവന്‍ കോക്രെയ്ന്‍ നിരീക്ഷിക്കുന്നു. സുപ്രധാന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ വിവിധ രക്ഷ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.