
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ മന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
കെട്ടിക്കിടക്കുന്ന ഫയലുകളുടെ കൃത്യമായ കണക്കെടുപ്പ് ഈ മാസം പത്തിനകം പൂർത്തിയാക്കി തീർപ്പാക്കൽ യജ്ഞത്തിലേക്ക് കടക്കാനാണ് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചത്.
ജൂണ്‍ 15നോടെ ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ചു സെപ്റ്റംബർ പത്തിനകം പൂർത്തിയാക്കുന്ന വിധം പദ്ധതി നടപ്പാക്കണമെന്നു മുഖ്യമന്ത്രി നിർദേശം നൽകി.
ഓരോ വകുപ്പുകളും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, ഏതു തരത്തിലുള്ള ഫയലുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി.
ചീഫ്സെക്രട്ടറി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകണം. എല്ലാ ഫയലുകളും മന്ത്രിമാർ കണ്ടു തീർപ്പാക്കേണ്ടതില്ല. സെക്രട്ടറി തലത്തിൽ കൈകാര്യം ചെയ്യേണ്ട ഫയലുകളുടെ കണക്കെടുപ്പു പ്രത്യേകം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.