കൊച്ചി: ഒമിക്രോണും കോവിഡും പുതുവര്‍ഷാഘോഷങ്ങളുടെ മാറ്റ് കുറച്ചെങ്കിലും കഴിയാവുന്നത്ര ആവേശത്തിലായിരുന്നു ലോകം പുതിയ വര്‍ഷത്തെ വരവേറ്റത്.
ഒമിക്രോൺ ഭയം മൂലം ഭൂരിഭാഗം പേരും പുതുവത്സരാഘോഷം ഒഴിവാക്കിയതോടെ സ്വിഗ്ഗിയിലും സൊമാറ്റോയിലും ഓർഡറുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചിലധികം വര്‍ധവനാണ് ഉണ്ടായത്. മിനിറ്റില്‍ സ്വഗ്ഗിക്ക് 9000 ഓര്‍ഡറുകളാണ് ലഭിച്ചത്. സൊമാറ്റോക്ക് 8000 ഓര്‍ഡറുകളും ലഭിച്ചു.
പുതുവർഷ രാവിൽ ഫുഡ് ഡെലിവറി ആപ്പ് 2 ദശലക്ഷം ഓർഡറുകൾ കടന്നതായി സ്വിഗ്ഗി ട്വിറ്ററിൽ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും സ്വിഗ്ഗി സ്വന്തം റെക്കോഡുകൾ തകർത്തു. കഴിഞ്ഞ വര്‍ഷം മിനിറ്റിന് ലഭിച്ചത് 5500 ഓർഡറുകൾ ആയിരുന്നെങ്കില്‍ ഈ വർഷം മൊത്തം ഓർഡറുകളുടെ എണ്ണം മിനിറ്റിൽ 9000 ആയി ഉയർന്നു.
ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണിയായിരുന്നു. ”നമ്മള്‍ ബിരിയാണി ഇഷ്ടപ്പെടുന്നവരാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മിനിറ്റില്‍ 1229 ബിരിയാണി ഓര്‍ഡറുകളാണ് ലഭിച്ചത്” സ്വിഗ്ഗി വ്യക്തമാക്കി.
ബട്ടര്‍ നാന്‍, മസാല ദോശ, പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ഫ്രൈഡ് റൈസ് തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത മറ്റു ഭക്ഷണങ്ങള്‍. പുതുവത്സര രാവിൽ ഇന്ത്യക്കാർ പ്രഭാതഭക്ഷണത്തിനുള്ള ഓര്‍ഡര്‍ കൂടി ചെയ്തതായി സ്വിഗ്ഗി പറയുന്നു.
പുതുവത്സര രാവിൽ സൊമാറ്റോയും 2 ദശലക്ഷം ഓര്‍ഡറുകള്‍ കടന്നു. ഓർഡറുകളുടെ എണ്ണത്തിലുണ്ടായ വർധന യുപിഐ ഇടപാടുകളുടെ വിജയ നിരക്കിനെയും ബാധിച്ചതായി സി.ഇ.ഒ ദീപീന്ദർ ഗോയലും വെളിപ്പെടുത്തി.