
തിരുവനന്തപുരം: ജലസേചന വകുപ്പിനു കീഴിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ഇടുക്കി, കല്ലാർകുട്ടി, കുണ്ടള, ലോവർ പെരിയാർ, പൊന്മുടി അണക്കെട്ടുകളിലും തൃശൂർ ജില്ലയിലെ ഷോളയാറിലും പൊരിങ്ങൽകുത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, പത്തനംതിട്ട ജില്ലയിലെ പന്പ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ കല്ലാർ, ഇരട്ടയാർ, ആനയിറങ്കൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വയനാട് ജില്ലയിലെ ബാണാസുര എന്നിവിടങ്ങളിൽ മുന്നറിയിപ്പില്ല.
റെഡ് അലർട്ട് മൂന്നാംഘട്ട അറിയിപ്പാണ്. ഓറഞ്ച് അലർട്ട് രണ്ടാം ഘട്ടത്തിന്റെയും ബ്ലൂ അലർട്ട് ഒന്നാം ഘട്ടത്തിന്റെയും മുന്നറിയിപ്പാണ്.
കേരളത്തിൽ തുലാവർഷം അടുത്തയാഴ്ച തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ മാസം 26 മുതൽ ആരംഭിക്കുന്ന തുലാവർഷത്തിന് മുന്നോടിയായി കാലവർഷം ചൊവ്വാഴ്ചയോടെ പിൻവാങ്ങുമെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു.
സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങളാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.