തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനായി ഹ്രസ്വവീഡിയോകള്‍ (റീല്‍സ്) ചിത്രീകരിക്കുന്നവരുടെ ഫേവറിറ്റ് സ്പോട്ടായി ഓണംവാരാഘോഷത്തിന് അണിഞ്ഞൊരുങ്ങിയ കനകക്കുന്ന് കൊട്ടാരവും പരിസരവും.
ഊഞ്ഞാലാടിയും കനകക്കുന്നിലെ പുല്‍പ്പരപ്പില്‍ നൃത്തം ചെയ്തും നഗരത്തിലെ ദീപാലങ്കാര കാഴ്ചകള്‍ പങ്കു വച്ചുമുള്ള റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ‘റീല്‍സോണ’ത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
റീല്‍സ് ചെയ്യാന്‍ വേണ്ടി മാത്രം കനകക്കുന്നില്‍ എത്തുന്നവരും ഏറെയാണ്. നാളെ നഗരത്തിലിറങ്ങുന്ന തൃശൂർ പുലികൾക്കൊപ്പമുള്ള റീൽസിനായുള്ള തയ്യാറെടുപ്പിലാണ് അനന്തപുരിയിലെ സമൂഹ മാധ്യമ കൂട്ടായ്മകൾ.
മഴ മാറിനിന്നു; ഓണക്കാഴ്ചകളിലേക്ക് ഒഴുകിയെത്തി നഗരം
മഴമാറി നിന്ന പകലും ഓണനാളുകള്‍ക്ക് മുമ്പുള്ള ഞായറാഴ്ചയും ഒരുമിച്ചെത്തിയതോടെ ഓണക്കാഴ്ചകള്‍ കാണാന്‍ നഗരത്തിലെത്തിയത് ആയിരങ്ങള്‍.
നഗര വീഥികളെ വര്‍ണ വെളിച്ചത്തില്‍ മുക്കിയ വൈദ്യുതദീപാലങ്കാരം, കനകക്കുന്നിലെ ട്രേഡ് ഫെയറും എക്‌സിബിഷനും സൂര്യകാന്തിയിലെ ഫുഡ് കോര്‍ട്ട്, കനകക്കുന്നിലെ വിവിധ ഭാഗങ്ങളില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാലുകള്‍ തുടങ്ങിയ നിരവധി കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
സ്‌കൂളവധി തുടങ്ങിയതോടെ കുട്ടികള്‍ക്കൊപ്പം നിരവധി കുടുംബങ്ങളും നഗരത്തിലേക്കെത്തുന്നുണ്ട്.
ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവ് അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരാകും. സെപ്തംബര്‍ 12 വൈകിട്ട് അഞ്ച് മണിക്ക് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നീളുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷം സമാപിക്കും.