ഭിന്നശേഷിക്കാർക്കെതിരായ പരാമർശം: മാപ്പുപറഞ്ഞ് ഷാജിയും പൃഥ്വിയും

തിരുവനന്തപുരം: കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യർഥിക്കാനുള്ളതെന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അങ്ങനെയൊരു സംഭാഷണം എഴുതുന്പോൾ തിരക്കഥാകൃത്ത് ജിനുവോ അതു പറയുന്പോൾ നായകൻ പൃഥ്വിരാജോ ആ സീൻ ഒരുക്കുന്പോൾ താനോ അതിന്‍റെ മറ്റു വശങ്ങളെക്കുറിച്ചു ചിന്തിച്ചില്ലെന്നതാണ് സത്യം. വില്ലന്‍റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശം മാത്രമാണ് പിന്നിലുണ്ടായിരുന്നത്.

നമ്മൾ ചെയ്യുന്നതിന്‍റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. ശരിതെറ്റുകളെക്കുറിച്ചോ അതിന്‍റെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർക്കാതെ തീർത്തും സാധാരണനായ മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണാൻ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നതെന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുന്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകുമെന്നും ഷാജികൈലാസ് പറഞ്ഞു.

തെറ്റ് അംഗീകരിക്കുന്നെന്നും തിരുത്തുമെന്നും നടൻ പൃഥ്വിരാജും പറഞ്ഞു. കടുവയിലെ വാക്കുകൾ മുറിവേല്പിച്ചുവെന്നു കാട്ടി ഭിന്നശേഷി കമ്മിഷനു പരാതി ലഭിച്ചിരുന്നു. പരാതി പരിശോധിച്ച ഭിന്നശേഷി കമ്മീഷണർ സിനിമ ടീമിനെതിരേ കേസെടുത്തിരുന്നു. സിനിമയിൽ നിന്നു ഈ രംഗങ്ങൾ നീക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button