ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് വീണ്ടും ഉയർത്തി.
35 ബേസ് പോയിന്റ്സ്(0.35 ശതമാനം) വർധന വരുത്തി റിപോ നിരക്ക് 6.25 ശതമാനമായി ആർബിഐ നിശ്ചയിച്ചു.
ഈ വർഷം അഞ്ചാം തവണയാണ് റിപോ നിരക്ക് ഉയർത്തുന്നത്. 2018 ഓഗസ്റ്റിന് ശേഷം റിപോ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ് നിലവിലുള്ളത്.
റിപോ നിരക്ക് വർധനവ് അടിസ്ഥാനമാക്കി പൊതുജനങ്ങൾക്കുള്ള ഭവന, വാഹന വായ്പ പലിശ നിരക്കുകൾ വാണിജ്യ ബാങ്കുകൾ ഉയർത്തുന്നത് സാധാരണ നടപടിയാണ്.
ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആർബിഐ നടപടി പൊതുജനങ്ങളുടെ പലിശഭാരം വർധിപ്പിക്കും.
വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും വൻ തകർച്ചയിൽ. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.72ലാണ് ഡോളറിനെതിരെ രൂപ ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയത്.
കോർപ്പറേറ്റ് ഡോളർ വൻ തോതിൽ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം.
അതേസമയം, വരും ദിവസങ്ങളിൽ രൂപയുടെ നില മെച്ചപ്പെടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില താഴുന്നത് ഇന്ത്യൻ രൂപയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ.