മുംബൈ: ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് ചാര്‍ജ് നിശ്ചയിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല.
ഇടപാട് നടത്തുന്ന തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്ന് ആര്‍ബിഐ പറയുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറില്‍ പറയുന്നു.
അതേസമയം, ഫോണ്‍പേ അടക്കമുള്ള ചില കമ്പനികള്‍ ഓണ്‍ലൈന്‍ വഴിയുള്ള മറ്റ് സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ്, മൊബൈല്‍ റീചാര്‍ജ് എന്നിവയ്ക്കാണ് നാമമാത്ര തുക ഈടാക്കുന്നത്.
ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകളിലെ വ്യത്യസ്ത ഇടപാടുകള്‍ക്ക പ്ലാറ്റ്‌ഫോം ഫീ എന്ന പേരില്‍ ചാര്‍ജ് ഈടാക്കുകയാണ് പ്രമുഖ കമ്പനികള്‍. ഇത്രയും നാളും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ക്കാണ് നിരക്ക് ഈടാക്കുന്നത്. നിലവില്‍ പേടിഎം, ഫോണ്‍ പേ എന്നീ കമ്പനികളാണ് പ്ലാറ്റ്‌ഫോം ഫീ പ്രഖ്യാപിച്ചിരിക്കുന്നത്.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റിന്റെ 80 ശതമാനം ഇടപാടുകളും രണ്ട് ആപ്പുകളുടെ കൈയിലാണ്. 2022 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം 47 ശതമാനം ഇടപാടുകളാണ് ഫോണ്‍ പേ വഴി നടക്കുന്നത്. 34 ശതമാനം ഇടപാടുകളുമായി ഗൂഗിള്‍ പേ രണ്ടാം സ്ഥാനത്തുണ്ട്. 15 ശതമാനമാണ് പേടിഎമ്മിന്റെ വിപണി വിഹിതം.
ഗൂഗിള്‍ പേ, ഫോണ്‍പേ ഇടപാടുകള്‍ക്ക് ചാര്‍ജ് നിശ്ചയിക്കാനൊരുങ്ങി RBI
