ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.
കോവിഡ് വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് നിർദേശം.
ഡല്‍ഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്.
രാജ്യത്തെ 14 നഗരങ്ങളിലായി കോവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യമാണുള്ളതെന്നും വർധിച്ച മരണനിരക്ക് ഒഴിവാക്കാൻ ഇപ്പോൾ നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേര് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രതിരോധ നടപടികൾ കർശനമാക്കാൻ നിർദേശം നൽകിയത്.
രാജ്യത്ത് ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്.
അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം ഡല്‍ഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.