ലോകം കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക്: തിരിച്ചടിയായത് റഷ്യ-ഉക്രെയ്ന്‍ യുദ്ധം

ജനീവ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുണ്ടായ ഭക്ഷ്യപ്രതിസന്ധി ആഗോള തലത്തില്‍ രൂക്ഷമാകുകയാണ്. ധാന്യങ്ങള്‍ക്കും പാചക എണ്ണയ്ക്കുമായി ഉക്രെയ്‌നെ ആശ്രയിച്ചിരുന്ന സമ്പന്ന രാജ്യങ്ങള്‍ പോലും ഭക്ഷ്യ പ്രതിസന്ധിയുടെ വക്കോളമെത്തി. കലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി കാര്‍ഷികോല്‍പ്പാദനം ഇല്ലാത്തതും ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന ഭക്ഷ്യ പ്രതിസന്ധിക്കു പുറമേ റഷ്യ-ഉക്രെയ്ന്‍ യുദ്ധം പ്രശ്‌നം കൂടുതല്‍ വഷളാക്കി.

ആഗോളതലത്തില്‍ 400 ദശലക്ഷം ആളുകള്‍ക്ക് ധാന്യങ്ങള്‍ നല്‍കുന്ന പ്രധാന ഭക്ഷോത്പാദക രാജ്യമാണ് ഉക്രെയ്ന്‍. ഗോതമ്പിന്റെയും ബാര്‍ലിയുടെയും നാലിലൊന്ന് ഭാഗവും സൂര്യകാന്തി എണ്ണയുടെ മുക്കാല്‍ ഭാഗവും റഷ്യ, ഉക്രെയ്ന്‍ രാജ്യങ്ങളില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ധാന്യങ്ങളുടെയും പഞ്ചസാരയുടെയുമൊക്കെ കയറ്റുമതി ഉക്രെയ്ന്‍ നിരോധിച്ചു. സൂര്യകാന്തി എണ്ണയുടേതടക്കം കയറ്റുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി.

ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ തീരുമാനമെടുത്തെങ്കിലും ഉക്രെയ്ന്‍ തുറമുഖ നഗരങ്ങള്‍ റഷ്യ കയ്യടക്കിയതോടെ കപ്പല്‍മാര്‍ഗമുള്ള ധാന്യ വിതരണത്തിന് തിരിച്ചടിയായി. ഇതുണ്ടാക്കിയ കുറവ് പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ ധാന്യ കയറ്റുമതി വര്‍ധിച്ചിട്ടുമില്ല.

ഉക്രെയ്നിലെ തുറമുഖങ്ങള്‍ ധാന്യത്തിനും കാര്‍ഷിക കയറ്റുമതിക്കും തുറന്നുകൊടുക്കുന്നതില്‍ റഷ്യ തടസം നിന്നത് ആഗോള ഭക്ഷ്യസുരക്ഷയ്ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) തലവന്‍ ഡേവിഡ് ബീസ്ലി വിശേഷിപ്പിച്ചു. ലോകമെമ്പാടും പട്ടിണിക്കും ഭക്ഷ്യ അസ്ഥിരതയ്ക്കും കുട്ടപ്പലായനത്തിലുമേ ഇത് കലാശിക്കുകയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ തടസം കൂടാതെ ആഗോള വിപണിയിലെത്തേണ്ടത് ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് ഐക്യരാഷ്ട്രസഭയും പറയുന്നു. 13 മില്യണ്‍ ആളുകള്‍ യുദ്ധം മൂലം മതിയായ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നാണ് യുഎന്നിന്റെ കണക്ക്.

ദുര്‍ബലവും വികസ്വരവുമായ രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കു പ്രകാരം കോവിഡ് മഹാമാരിക്ക് മുന്‍പ് 135 ദശലക്ഷം ആളുകള്‍ പട്ടിണിയിലായിരുന്നെങ്കില്‍ 2022 ന്റെ തുടക്കത്തില്‍ അത് 276 ദശലക്ഷമായും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പട്ടിണി അനുഭവിക്കുന്ന ജനങ്ങളുടെ എണ്ണം 323 ദശലക്ഷമായി ഉയരുകയും ചെയ്തു.

”കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഒരു ഭക്ഷ്യപ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നത്. വലിയ ദുരന്തം ഒഴിവാക്കാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യം പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന പോഷകാഹാരംപോലും അപ്രാപ്യമായി. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.” യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഉത്പാദക രാജ്യങ്ങള്‍ കൂട്ടത്തോടെ കയറ്റുമതി നിയന്ത്രണത്തിലേക്ക് പോകുന്നത് ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്ന മുന്നറിയിപ്പാണ് ഐഎംഎഫ് നല്‍കുന്നത്. വിലക്കയറ്റവും ഭക്ഷ്യോത്പാദനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവുമാണ് കയറ്റുമതി നിയന്ത്രണത്തിന്റെ കാരണമായി രാജ്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ഈ വര്‍ഷം അവസാനം വരെയെങ്കിലും തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ വിവിധ രാജ്യങ്ങള്‍ തുടരും.

Related Articles

Back to top button