സ്വവര്‍ഗ വിവാഹം: എതിര്‍പ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍.

സുപ്രീം കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ ബന്ധങ്ങളിലുള്ള വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതത്തെ ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അത് ഇന്ത്യന്‍ സംസ്‌കാരവുമായി യോജിക്കില്ലെന്നും കേന്ദം കോടതിയില്‍ വ്യക്തമാക്കി.

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നത്.

1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവര്‍ഗ വിവാഹത്തിന് ലഭിക്കില്ല.

ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാന്‍ ഭരണഘടന നല്‍കുന്ന അവകാശം സ്വവര്‍ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവര്‍ഗ വിവാഹം ഒരു പൗരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സ്വവര്‍ഗ വിവാഹം ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ല. കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ വന്ന ഒരു കൂട്ടം ഹര്‍ജികളില്‍ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്.

അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ആ ഹര്‍ജിയില്‍ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്.

സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയതുകൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

Exit mobile version