ന്യൂഡൽഹി: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ കളിക്കളത്തോട് വിടപറയുന്നു. ഈ സീസണ് അവസാനത്തോടെ വിരമിക്കിക്കാനാണ് സാനിയയുടെ ആലോചന.
ഓസ്ട്രേലിയ ഓപ്പണിലെ വനിതാ ഡബിൾസ് വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനവും വന്നത്.
35 വയസുകാരിയായ സാനിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളിൽ ഒരാളാണ്. ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള സാനിയ കരിയറിന്റെ തുടക്കകാലത്ത് സിംഗിൾസ് റാങ്കിംഗിൽ 27-ാമത് എത്തുകയും ചെയ്തിട്ടുണ്ട്.
ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ അമ്മയായ ശേഷവും കളിക്കളത്തിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഇന്ത്യയ്ക്കായി ഒളിമ്പിക്സ്, കോമണ്‍വെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിലെല്ലാം റാക്കറ്റേന്തിയ സാനിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെയാണ് വിവാഹം ചെയ്തത്. ദമ്പതികൾക്ക് മൂന്ന് വയസുകാരനായ മകനുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വർഷങ്ങളായി കളത്തിൽ പഴയതുപോലെ സജീവമല്ല. 2018ൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. തുടർന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിട്ടുനിന്നു.
2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപ്പണിൽ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43–ാം ഡബിൾസ് കിരീടമാണ്.