
റിയാദ്: സഊദിയിൽ ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസം വിസയിൽ പ്രവേശനം നൽകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
നിലവിലുള്ള വിലക്ക് ഒഴിവാക്കി മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസം വിസക്കാർക്ക് പ്രവേശനം നൽകാനുള്ള തീരുമാനമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഇതോടെ, രാജ്യത്ത് ടൂറിസം മേഖല വീണ്ടും ശക്തി പ്രാപിക്കും. കൊവിഡ് പ്രതിരോധ വാക്സിൻ പൂർണ്ണമായും സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുകയെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സിൻ പൂർണമായും സ്വീകരിച്ച വിദേശ ടൂറിസ്റ്റുകൾക്ക് നിർബന്ധിത ക്വാറന്റൈൻ ഇല്ലാതെ തന്നെ പ്രവേശനം സാധ്യമാകും.
വാക്സിനേഷന് പുറമെ പ്രവേശന സമയത്ത് വാക്സിനേഷൻ ഒറിജിനൽ സർട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റും ഹാജരാക്കണം.
ടൂറിസം വിസക്കാർ പാസ്പോർട്ട് വിഭാഗത്തിന് കീഴിലെ മുഖീമിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം.
ഈ വിവരങ്ങൾ ഉൾകൊള്ളുന്ന ഡാറ്റ ഇവരുടെ തവക്കൽനയിൽ അപ്ഡേറ്റ് ആകുകയും ചെയ്യും. പിന്നീട് ഓരോ ടൂറിസം കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഇവർക്ക് തവക്കൽന സ്റ്റാറ്റസ് പരിഗണിച്ചു പ്രവേശനം സാധ്യമാകും.
സഊദി അറേബ്യ അംഗീകരിച്ച ഫൈസർ ബയോൺടെക്, ആസ്ട്രാസെനിക കൊവിശീൽഡ്, മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒരു വാക്സിൻ ആണ് പൂർണ്ണ ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.