കൊതിയേറും മത്സ്യവിഭവങ്ങളുമായി സീ ഫുഡ്‌ ഫെസ്റ്റിവൽ

കോഴിക്കോട്: മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഭക്ഷ്യോത്പാദന മേഖലയില്‍ ഗുണമേന്മയുള്ള മത്സ്യവിഭവം എന്ന നിലയില്‍ മത്സ്യ ഉത്പാദനത്തിന്റെ പങ്ക് പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനും മത്സ്യവിഭവങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ, മത്സ്യഫെഡ് എന്നീ ഏജൻസികളുടെ സഹായത്തോടെയാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.

ചെമ്മീൻ പുത്യാപ്ല പത്തിരി,കൂന്തൾ ഇറാനി പോള, നെയ്പത്തിരി,ഫിഷ് കട്ലറ്റ്, മീൻ കറികൾ തുടങ്ങി രുചികരമായ കടൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമായ സീ ഫുഡ്‌ ഫെസ്റ്റിവൽ നാളെ ( ഓഗസ്റ്റ് 14) സമാപിക്കും.

ഉദ്ഘാടന ചടങ്ങിൽ ഉത്തര മേഖല ഫിഷറീസ് വകുപ്പ് ഡയറക്ടർ ഓ.രേണുകാദേവി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ, നാഷണൽ ഫിഷർമെൻ ഡെവലപ്മെന്റ് ബോർഡ് മെമ്പർ എൻ പി രാധാകൃഷ്ണൻ, സാബു,പീതാംബരൻ, അബ്ദുറഹീം,ടി ഭാർഗവൻ എന്നിവർ സംസാരിച്ചു.

Exit mobile version