പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് രണ്ടാം ഭാഗം വരുന്നു

ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും വേദനയും ദൃശ്യഭാഷയില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നോവായി പടര്‍ത്തിയ ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് 2: റിസറക്ഷന്‍ എന്നു പേരിട്ട രണ്ടാം ഭാഗത്തില്‍ യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പ്രമേയമാകുന്നത്.

യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകള്‍ ചിത്രീകരിച്ച ആദ്യചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയ ചിത്രം വരുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സിനിമാ ചരിത്രത്തില്‍തന്നെ നാഴികക്കല്ലായി മാറിയിരുന്നു.

ലോക ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും രണ്ടാം ഭാഗമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

അതേസമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു ടീസര്‍ മാത്രമാണ് പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ അവസാനഭാഗത്തില്‍ പീഡാനുഭവത്തിന്റെ അതിവൈകാരിക രംഗങ്ങളും യേശുവിനെ ക്രൂശിക്കുന്ന രംഗങ്ങളും ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. ചിത്രം പൂര്‍ത്തിയായിട്ടും പലരും വിങ്ങലോടെയാണ് തിയറ്ററുകള്‍ വിട്ടിറങ്ങിയത്.

ക്രിസ്തുവിന്റെ ജീവതത്തെക്കുറിച്ച് അനേകം സിനിമകള്‍ മുന്‍പ് ഇറങ്ങിയിട്ടുണ്ടെങ്കിലും അവസാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണിക്കൂറുകള്‍ കേന്ദ്രമാക്കിയവ ചുരുക്കമാണ്. അതാണ് ഈ സിനിമയെ മറ്റ് സിനിമകളില്‍നിന്നു വ്യത്യസ്തമാക്കുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ യേശുക്രിസ്തുവായി വേഷമിട്ട ജിം കാവിയേസല്‍ തന്നെയാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് റിസറക്ഷനിലും ഉത്ഥിതനായ കര്‍ത്താവാകുന്നത്.

അഭിനേതാവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മെല്‍ ഗിബ്സനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. മെല്‍ഗിബ്സന്റെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ചിത്രം ബ്രേവ് ഹാര്‍ട്ടിന്റെ തിരക്കഥാകൃത്ത് റന്‍ഡാള്‍ വാലസാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

2004-ല്‍ 30 ദശലക്ഷം ഡോളര്‍ മുടക്കി ഇറ്റലിയിലാണ് ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ചിത്രീകരിച്ചത്.

അരാമിയ, ഹീബ്രു, ലാറ്റിന്‍ എന്ന ഭാഷകളില്‍ തീയേറ്ററിലെത്തിയ ചിത്രം ലോകവ്യാപകമായി 611 ദശലക്ഷം ഡോളറാണ് നേടിയത്. ചിത്രത്തില്‍ നായകനായ ജിം കാവിയേസല്‍ കടുത്ത കത്തോലിക്ക വിശ്വാസിയുമാണ്.

പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ലോക ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നും പ്രേഷകരെ പിടിച്ചിരുത്തുന്ന കാര്യങ്ങള്‍ പുതിയ ചിത്രത്തിലുണ്ടാകുമെന്നും ജിം കാവിയേസല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button